ഡെങ്കിപ്പനി പ്രതിരോധ വാക്‌സിന് അംഗീകാരം

കൊച്ചി: ഡെങ്കിപ്പനി പ്രതിരോധ വാക്‌സിനായ ക്യുഡെങ്ക (റ്റിഎകെ- 003) എന്ന ഡെങ്കി വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വിപണനാനുമതി നല്‍കിയതായി ടകെഡ ബയോഫാര്‍മസ്യൂട്ടിക്കല്‍സ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. 4 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഈ വാക്‌സിന്‍, മുന്‍പ് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന പരിശോധന കൂടാതെ സ്വീകരിക്കാമെന്നും നാല് ഡെങ്കി വൈറസ് സെറോടൈപ്പുകള്‍ക്കെതിരെയും സംരക്ഷണം നല്‍കുന്ന രീതിയിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ഡെങ്കിപ്പനി കേസുകള്‍ 11 മടങ്ങ് വര്‍ധിച്ച സാഹചര്യത്തിലാണ് അനുമതി. ആഗോള ഡെങ്കി ബാധയുടെ ഏകദേശം മൂന്നിലൊന്ന് ഇന്ത്യയിലാണ് രേഖപ്പെടുത്തുന്നത്. 2025-ല്‍ രാജ്യത്ത് 1.13 ലക്ഷത്തിലധികം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

28,000-ത്തിലധികം പേരെ ഉള്‍പ്പെടുത്തി നടത്തിയ ആഗോള ക്ലിനിക്കല്‍ പഠനങ്ങളുടെയും ഇന്ത്യന്‍ ഫേസ്-3 പരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. മൂന്ന് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസുകളായാണ് വാക്‌സിന്‍ നല്‍കുന്നത്. ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന ഈ വാക്‌സിന് ഇന്ത്യ ഉള്‍പ്പെടെ 43 രാജ്യങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആഗോളതലത്തില്‍ 3.2 കോടിയിലധികം ഡോസുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.ഇന്ത്യയില്‍ അംഗീകാരം ലഭിക്കുന്ന ആദ്യ ഡെങ്കി വാക്‌സിനാണിതെന്നും കമ്പനി അവകാശപ്പെട്ടു.

 

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു