കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ സ്ഥാപനമായ സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂര്‍ അന്താരാഷ്ട്ര മൈതാനിയില്‍ ആഗസ്റ്റ് എട്ടിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോജി എം.ജോണ്‍, വി.ഇ.അബ്ദുള്‍ ഗഫൂര്‍, ഹൈബി ഈഡന്‍ എം.പി, കൊച്ചി മേയര്‍ അഡ്വ.വി.കെ.മിനിമോള്‍, എം.എല്‍.എമാരായ ഉമ തോമസ്, അന്‍വര്‍ സാദത്ത്, വി.പി.സജീന്ദ്രന്‍, ടി.ജെ.വിനോദ്, ഡോ.മാത്യു കുഴല്‍നാടന്‍, ടോണി ചമ്മിണി, മനോജ് മൂത്തേടന്‍, ദീപക് ജോയ്, മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്‍, കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വി.ആര്‍ സുധീര്‍, കൗണ്‍സിലര്‍ അഡ്വ.ദീപ്തി മേരി വര്‍ഗീസ്, മുന്‍ എം.പി. പി.സി തോമസ്, സപ്ലൈകോ മാനേജിംഗ് ഡയറകടര്‍ വി.എം.ജയകൃഷ്ണന്‍ ഐ.എ.എസ്, എറണാകുളം ജില്ലാ സപ്ലൈ ഓഫീസര്‍ വി.ആര്‍.ഷാജി, സപ്ലൈകോ ജനറല്‍ മാനേജര്‍ എം.യു ബിജു തുടങ്ങിയവര്‍ പ്രസംഗിക്കും. ഇക്കുറി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍കൂടി മെഗാ ഫെയറും, മറ്റ് ജില്ലകളില്‍ എക്‌സ്‌ക്ലൂസീവ് ഓണം ഫെയറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ആകര്‍ഷകമായ വിലക്കുറവിനും പുതിയ ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനത്തിനും പുറമെ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഓട്ടോമൊബൈല്‍, ടെക്‌സ്‌റ്റൈല്‍സ്, ഹാന്‍ഡിക്രാഫ്റ്റ്, ധനകാര്യ സേവനങ്ങള്‍, ലൈഫ് സ്റ്റൈല്‍ ഉത്പ്പന്നങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രമുഖ ബ്രാന്‍ഡുകളും പങ്കെടുക്കും.

