കൊച്ചി: കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല അംഗീകാരമുള്ള ഡിസൈന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ബിരുദ പ്രോഗ്രാമുകളിലേക്ക് പ്ലസ് ടു കഴിഞ്ഞ യോഗ്യരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് ഇന്‍സൈറ്റ് എജുക്കേഷണല്‍ ട്രസ്റ്റ്.
സാമ്പത്തിക പ്രയാസങ്ങള്‍ മൂലം കഴിവുള്ള കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാനും സാങ്കേതിക-സര്‍ഗ്ഗാത്മക മേഖലകളില്‍ മികവ് തെളിയിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനുമാണ് ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. സെപ്തംബര്‍ രണ്ടിനകം അപേക്ഷിക്കുന്നവരെയാണ് പരിഗണിക്കുക.
ട്രസ്റ്റിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ കോഴ്സ് ഫീസും സൗജന്യമാക്കുന്ന പൂര്‍ണ്ണ സ്കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് ഇന്‍സൈറ്റ് എജുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ആര്. രാഹുല്‍ ഐആര്‍എസ് (റിട്ട.) പറഞ്ഞു. അക്കാദമിക് മികവ്, അഭിരുചി, സര്‍ഗ്ഗാത്മകത, മൂല്യനിര്‍ണ്ണയത്തിലെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്.
ഉത്പന്ന രൂപകല്പന, കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് എഐ എന്നീ വിഷയങ്ങളിലെ ബിരുദ കോഴ്സുകള്‍ക്കാണ് ആനുകൂല്യം ലഭ്യമാക്കുന്നത്. തിയറി പഠനത്തോടൊപ്പം ലൈവ് പ്രോജക്ടുകള്‍, ഡിസൈന്‍ സ്റ്റുഡിയോകള്‍, ടെക്നോളജി ലാബുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, വിദഗ്ദ്ധരുടെ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ വഴി മികച്ച പ്രായോഗിക പരിശീലനവും പാഠ്യപദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
സര്‍ഗ്ഗാത്മകതയും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് സമൂഹത്തിനും വ്യവസായ മേഖലയ്ക്കും സംഭാവന നല്കാന് ശേഷിയുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനാണ് പദ്ധതിയിലൂടെ ഇന്‍സൈറ്റ് എജുക്കേഷണല്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ യുവതലമുറയുടെ വളര്‍ച്ചയ്ക്കായുള്ള വലിയ നിക്ഷേപമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവേശന യോഗ്യത, സ്കോളര്‍ഷിപ്പ്, അപേക്ഷാ രീതി എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കൊച്ചി വില്ലിംഗ്ഡണ്‍ ഐലന്‍ഡിലെ ഇന്ദിരാഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ഓഫീസുമായി +91 90379 92962 എന്ന ഫോണ്‍ നമ്പറിലോ admissions@insightcentrefordesign.com എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.

