ഗോയ്‌ഥെ-സെന്റര്‍ മലബാറിലേക്ക്; പുതിയ പരീക്ഷാ കേന്ദ്രം കോഴിക്കോട്ട് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തില്‍ ജര്‍മ്മന്‍ ഭാഷാ പ്രചാരണത്തിനും ഇന്‍ഡോ-ജര്‍മ്മന്‍ സാംസ്‌കാരിക വിനിമയത്തിനും മുന്‍പന്തിയിലുള്ള ഗോയ്‌ഥെ-സെന്റര്‍ തിരുവനന്തപുരം കോഴിക്കോട് ഗോവിന്ദപുരം ലുലു മാളിന് സമീപമുള്ള ടി ടി അവന്യൂവില്‍ പുതിയ പരീക്ഷാ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.ഉന്നതവിദ്യാഭ്യാസത്തിനും തൊഴില്‍ അവസരങ്ങള്‍ക്കുമായി കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ നിന്ന് ജര്‍മ്മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെയും യുവ പ്രൊഫഷണലുകളുടെയും വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് പുതിയ സെന്റര്‍ ആരംഭിച്ചിട്ടുള്ളത്.

ഗോയ്‌ഥെയുടെ വടക്കന്‍ മലബാറിലെ ആദ്യ കേന്ദ്രമാണിത്. അന്താരാഷ്ട്ര തലത്തില്‍ വന്‍ സ്വീകാര്യതയുള്ള ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ സ്വന്തം നാട്ടില്‍ തന്നെ എഴുതാനുള്ള സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്ടും സെന്റര്‍ ആരംഭിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ന്യൂഡല്‍ഹിയിലെ ഗോയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് മാക്‌സ് മുള്ളര്‍ ഭവനിലെ സൗത്ത് ഏഷ്യ വിഭാഗം ലാംഗ്വേജ് പ്രോഗ്രാം ഡയറക്ടര്‍ ഡോ. അലക്‌സാന്‍ഡ്ര മിറ്റ്‌ലര്‍ പറഞ്ഞു. ജര്‍മ്മനിയിലെ ഔദ്യോഗിക സാംസ്‌കാരിക സ്ഥാപനമായ ഗോയ്‌ഥെ-ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഷാ പരീക്ഷകള്‍ക്ക് ആഗോളതലത്തില്‍ മികച്ച അംഗീകാരമാണുള്ളത്. യൂറോപ്യന്‍ കോമണ്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് ഫോര്‍ ലാംഗ്വേജസിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ഈ പരീക്ഷകള്‍ ജര്‍മ്മനിയിലേക്കുള്ള അക്കാദമിക്, തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്.

കേവലം പരീക്ഷാ കേന്ദ്രം എന്നതിലുപരി ഇന്തോ-ജര്‍മ്മന്‍ സാംസ്‌കാരിക സഹകരണത്തിന്റെ വലിയൊരു വേദിയായി കോഴിക്കോടിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് ഗോയ്‌ഥെ-സെന്റര്‍ കേരള ഡയറക്ടര്‍ ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. വരും നാളുകളില്‍ ജര്‍മ്മന്‍ ചലച്ചിത്ര മേളകള്‍, സംഗീത പരിപാടികള്‍, സാഹിത്യ സമ്മേളനങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സര്‍വ്വകലാശാലകളുമായുള്ള സഹകരണ പദ്ധതികള്‍ എന്നിവ മലബാറിലെ സാംസ്‌കാരിക മേഖലയിലേക്ക് എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോഴിക്കോട്ടെ ആദ്യ ഗോയ്‌ഥെ സര്‍ട്ടിഫിക്കറ്റ് പരീക്ഷകള്‍ ഓഗസ്റ്റ് 19 മുതല്‍ ആരംഭിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍ കൃത്യമായി പരീക്ഷകള്‍ നടത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു