ന്യൂഡൽഹി: ഇന്ത്യ-കുവൈത്ത് സംയുക്ത പ്രതിരോധ സമിതിയുടെ (JDC) ആദ്യ യോഗം ഓഗസ്റ്റ് 28ന് ന്യൂഡൽഹിയിൽ നടന്നു. 2024 ഡിസംബറിൽ ഒപ്പുവെച്ച പ്രതിരോധ സഹകരണ ധാരണാപത്രം നടപ്പാക്കുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണ് യോഗം. സംയുക്ത സൈനികാഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, പ്രതിരോധ ഉൽപ്പാദനം, ഗവേഷണ-വികസനം, സൈനിക മെഡിസിൻ, സേനാതല ചർച്ചകൾ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ജോയിന്റ് സെക്രട്ടറി അമിതാഭ് പ്രസാദും കുവൈത്ത് ബ്രിഗേഡിയർ ജനറൽ റയേദ് അൽസാക്രാനും യോഗത്തിന് നേതൃത്വം നൽകി. കുവൈത്ത് പ്രതിനിധി സംഘം ന്യൂഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിൽ പുഷ്പചക്രം അർപ്പിക്കുകയും ഇന്ത്യൻ പ്രതിരോധ വ്യവസായ പ്രതിനിധികളുമായി സഹകരണ സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു. 1962ൽ ആരംഭിച്ച ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധം 2024ൽ തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്തിയതിന്റെ തുടർച്ചയായി പ്രതിരോധ-സുരക്ഷാ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് യോഗം.

