ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോയുടെ ഇന്ത്യാ  സന്ദർശനം 

ന്യൂഡൽഹി: ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോ ഓഗസ്റ്റ് 26 മുതൽ 29 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. നാവികസേനാ മേധാവിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശനമായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യ-ശ്രീലങ്ക സമുദ്ര സഹകരണം കൂടുതൽ ശക്തിപ്പെടുത്തുകയും ഇരു നാവികസേനകളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുകയുമായിരുന്നു നാല് ദിവസത്തെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.

ഓഗസ്റ്റ് 27ന് ന്യൂഡൽഹിയിലെത്തിയ വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോ നാഷണൽ വാർ മെമ്മോറിയലിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. തുടർന്ന് സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിന് ഔദ്യോഗിക ഗാർഡ് ഓഫ് ഓണർ നൽകി. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥനുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. സംയുക്ത സൈനിക പ്രവർത്തനങ്ങൾ, ശേഷി വികസനം, പരിശീലന പരിപാടികൾ, സമുദ്ര സുരക്ഷാ നടപടികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ പ്രധാനമായിരുന്നു. ന്യൂഡൽഹി സന്ദർശനത്തിനിടെ മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരുമായും ഇന്ത്യൻ പ്രതിരോധ വ്യവസായ പ്രതിനിധികളുമായും ശ്രീലങ്കൻ നാവികസേനാ മേധാവി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മേഖലയിൽ സഹകരണത്തിനുള്ള പുതിയ സാധ്യതകളും ചർച്ച ചെയ്തു.

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി വൈസ് അഡ്മിറൽ ഫെർണാണ്ടോ കൊച്ചിയിലെത്തി സതേൺ നേവൽ കമാൻഡ് ആസ്ഥാനവും ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലന സ്ഥാപനങ്ങളും സന്ദർശിച്ചു. നിലവിലുള്ള പരിശീലന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഇരു നാവികസേനകളിലെയും ഉദ്യോഗസ്ഥർ തമ്മിലുള്ള പ്രൊഫഷണൽ ആശയവിനിമയം വർധിപ്പിക്കുന്നതിനുമാണ് സന്ദർശനം ലക്ഷ്യമിട്ടത്. ഇന്ത്യൻ നാവികസേനയുടെ ദീർഘകാലവും സുപ്രധാനവുമായ സമുദ്ര പങ്കാളിയാണ് ശ്രീലങ്കൻ നാവികസേന. വൈസ് അഡ്മിറൽ ഡാമിയൻ ഫെർണാണ്ടോയുടെ ഇന്ത്യാ സന്ദർശനം പ്രാദേശിക സ്ഥിരതയും സമുദ്ര സുരക്ഷയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപ്രധാനമായ ചുവടുവയ്പ്പായാണ് വിലയിരുത്തുന്നത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു