ലഹരിക്കെതിരെ ‘വേണ്ട കപ്പ് 2026’ ഫുട്ബോൾ ടൂർണമെന്റുമായി അലയൻസ് സർവീസസ് ഇന്ത്യ

തിരുവനന്തപുരം: കുട്ടികളിലും യുവാക്കളിലും ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റായ ‘വേണ്ട കപ്പ് 2026 – ഗെയിം ഫോർ സേഫ് (സബ്സ്റ്റൻസ് അബ്യുസ് ഫ്രീ എൻവയോൺമെന്റ്)’ അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്നു.

ഫോർത്ത് വേവ് ഫൗണ്ടേഷനുമായി സഹകരിച്ച് അലയൻസ് സർവീസസ് ഇന്ത്യയുടെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പിന് തിരുവനന്തപുരം ജിമ്മി ജോർജ് സ്പോർട്സ് ഹബ്ബിൽ തുടക്കമായി. ഫെയർ പ്ലേ പ്രതിജ്ഞ, ലഹരിവിരുദ്ധ പ്രതിജ്ഞ, ഔദ്യോഗിക ജേഴ്സി, ചാമ്പ്യൻഷിപ്പ് ട്രോഫി എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു.

ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ട കപ്പ് നൽകുന്ന പിന്തുണ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരിമുക്ത കേരളത്തിനായി കൂട്ടായ പരിശ്രമം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ലഹരി ഉപയോഗം തടയുന്നതിൽ കായികരംഗത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. കുട്ടികളെ ലഹരിയോട് ‘നോ’ പറയുന്നതിനൊപ്പം കായികരംഗത്തേക്ക് ‘യെസ്’ പറയാനും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 160 സ്കൂൾ ടീമുകളിലെ 1,600 കുട്ടികൾ ടൂർണമെന്റിൽ പങ്കെടുക്കും. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നീ നാല് സോണുകളിലായാണ് മത്സരങ്ങൾ. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ സോണൽ മത്സരങ്ങൾക്ക് ശേഷം ഒക്ടോബർ 23, 24 തീയതികളിൽ എറണാകുളത്ത് സംസ്ഥാനതല മത്സരങ്ങൾ നടക്കും.

ഓരോ മത്സരത്തിനും ശേഷം ഫെയർ പ്ലേ പ്ലെയർ പുരസ്കാരവും ടൂർണമെന്റിലുടനീളം മികച്ച കായികമനോഭാവം പ്രകടിപ്പിക്കുന്ന ടീമിന് ഫെയർ പ്ലേ ടീം പുരസ്കാരവും നൽകും. ഫോർത്ത് വേവ് ഫൗണ്ടേഷന്റെ പ്രൊജക്ട് വേണ്ടയുടെ ഭാഗമായ വേണ്ട കപ്പിനെ യുണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം (UNODC) ലഹരിവിരുദ്ധ പ്രതിരോധ ഇടപെടലുകളുടെ മാതൃകയായി അംഗീകരിച്ചിട്ടുണ്ട്.

അലയൻസ് സർവീസസ് ഇന്ത്യ സിഇഒയും എംഡിയുമായ ജീസൺ ജോൺ പറഞ്ഞു: “കേരളത്തിന് തിരികെ നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് വേണ്ട കപ്പ്. വാക്കുകളിലല്ല, പ്രവൃത്തിയിലൂടെയാണ് നാളെയിലേക്കുള്ള ആത്മവിശ്വാസം വളർത്തിയെടുക്കുന്നത്.”

അലയൻസ് സർവീസസ് ഇന്ത്യയുടെ തരംഗ്, സ്പർശ് എന്നീ എംപ്ലോയി റിസോഴ്സ് ഗ്രൂപ്പുകൾ ഫോർത്ത് വേവ് ഫൗണ്ടേഷനുമായി സഹകരിച്ച് മൈമുകൾ, റാപ്പ് ഗാനങ്ങൾ, കോമിക് ബുക്കുകൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയിലൂടെ സ്കൂളുകളിലും പൊതുഇടങ്ങളിലും ലഹരിവിരുദ്ധ ബോധവൽക്കരണം നടത്തും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു