കൊച്ചി: കടലിൽ ജീവൻ രക്ഷിക്കുന്നതിനുള്ള സന്നദ്ധതയും പ്രവർത്തനക്ഷമതയും ഒരിക്കൽ കൂടി തെളിയിച്ച്, കൊച്ചിയിൽ നിന്ന് ഏകദേശം 87 നോട്ടിക്കൽ മൈൽ അകലെ വച്ച് വ്യാപാരക്കപ്പലിൽ പരിക്കേറ്റ നാവികനെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് വിജയകരമായി മെഡിക്കൽ എവാക്വേഷൻ (MEDEVAC) നടത്തി കരയിലെത്തിച്ചു.
ഡെൻമാർക്ക് പതാകയേന്തിയ കോർണേലിയ മെയേഴ്സ്ക് (Cornelia Maersk) എന്ന വ്യാപാരക്കപ്പലിൽ നിന്ന് ലഭിച്ച അടിയന്തര സഹായ അഭ്യർഥനയെ തുടർന്നാണ് കൊച്ചിയിലെ മാരിടൈം റെസ്ക്യൂ സബ് സെന്റർ (MRSC(K)) മെഡിക്കൽ എവാക്വേഷൻ ദൗത്യം ഏകോപിപ്പിച്ചത്. കപ്പലിലുണ്ടായിരുന്ന ഫിലിപ്പീൻസ് സ്വദേശിയായ നാവികന് രണ്ടാം ഡിഗ്രി പൊള്ളലേറ്റിരുന്നു. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യത്തിലായിരുന്നു ഇയാൾ.
കൊച്ചി കോസ്റ്റ് ഗാർഡ് എയർ എൻക്ലേവിലെ 845 സ്ക്വാഡ്രണിന്റെ (CG) ALH MK-III ഹെലികോപ്റ്ററും ICGS അർണവേഷും ദൗത്യത്തിനായി നിയോഗിക്കപ്പെട്ടു. കടലിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഹെലികോപ്റ്റർ സംഘം വിജയകരമായി കപ്പലിൽ നിന്ന് നാവികനെ വിൻച്ച് ചെയ്ത് പുറത്തെടുത്തു.

ദീർഘകാലത്തെ പ്രവർത്തനവിലക്കിന് ശേഷം ALH MK-III ഹെലികോപ്റ്റർ ശ്രേണി വീണ്ടും പ്രവർത്തനസജ്ജമായതിന് പിന്നാലെയുള്ള പ്രധാന ദൗത്യങ്ങളിലൊന്നാണ് ഈ മെഡിവാക്. ദൗത്യത്തിന്റെ വിജയകരമായ പൂർത്തീകരണം ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനസജ്ജതയും പ്രൊഫഷണൽ മികവും സമുദ്ര മേഖലയിലെ അടിയന്തര സാഹചര്യങ്ങളോട് അതിവേഗം പ്രതികരിക്കാനുള്ള ശേഷിയും വ്യക്തമാക്കുന്നതാണ്.
രക്ഷപ്പെടുത്തിയ നാവികനെ തുടർ ചികിത്സയ്ക്കായി പിന്നീട് കരയിലെത്തിച്ചു.

