ഗയ : ഷോർട്ട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ എൻട്രി) പുരുഷ-വനിത വിഭാഗങ്ങളുടെ നാലാമത് പാസിംഗ് ഔട്ട് പരേഡിൽ 253 ഓഫീസർ കേഡറ്റുകൾ ഇന്ത്യൻ കരസേനയിൽ കമ്മീഷൻഡ് ഓഫീസർമാരായി. ഗയയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നടന്ന ചടങ്ങിലാണ് കേഡറ്റുകൾ പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ സേനയുടെ ഭാഗമായത്.
SSC (Tech) Men-65 വിഭാഗത്തിൽ 218 പേരും SSC (Tech) Women-36 വിഭാഗത്തിൽ 35 പേരുമാണ് കമ്മീഷൻഡ് ഓഫീസർമാരായത്. വിയറ്റ്നാം പീപ്പിൾസ് ആർമിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ലെ വാൻ ഹുവോങ് പരേഡിന്റെ റിവ്യൂയിംഗ് ഓഫീസറായിരുന്നു.
പാസിംഗ് ഔട്ട് പരേഡിൽ അക്കാദമി അണ്ടർ ഓഫീസർ പി. ശശി കുമാർ പരേഡ് കമാൻഡറായി. പരിശീലനത്തിലെ മികച്ച പ്രകടനത്തിന് നിരവധി കേഡറ്റുകൾക്ക് മെഡലുകളും പുരസ്കാരങ്ങളും സമ്മാനിച്ചു.

മികച്ച ഓൾറൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട പി. ശശി കുമാർ അഭിമാനകരമായ സ്വോർഡ് ഓഫ് ഓണറും, ഓവറോൾ ഓർഡർ ഓഫ് മെറിറ്റിൽ ഒന്നാം സ്ഥാനത്തിനുള്ള ഗോൾഡ് മെഡലും നേടി. ഗോർഖ റൈഫിൾസിലാണ് അദ്ദേഹം കമ്മീഷൻ ചെയ്തത്. രണ്ടാം സ്ഥാനത്തെത്തിയ ബറ്റാലിയൻ അണ്ടർ ഓഫീസർ ദീപക് സിംഗ് റാവത്ത് സിൽവർ മെഡലും രാജ്പുത് റെജിമെന്റിൽ കമ്മീഷനും നേടി. മൂന്നാം സ്ഥാനക്കാരനായ അക്കാദമി കേഡറ്റ് അഡ്ജുടന്റ് നവനീത് സിംഗ് ബ്രോൺസ് മെഡൽ നേടി പാരാ സ്പെഷ്യൽ ഫോഴ്സിൽ കമ്മീഷൻ ചെയ്തു. കാലിധർ കമ്പനി മികച്ച കമ്പനിക്കുള്ള ചീഫ് ഓഫ് ആർമി സ്റ്റാഫ് ബാനർ സ്വന്തമാക്കി.
പുതിയ ഓഫീസർമാരെ അഭിസംബോധന ചെയ്ത റിവ്യൂയിംഗ് ഓഫീസർ, സാങ്കേതികവിദ്യയിലെ മാറ്റങ്ങൾക്കനുസരിച്ച് അറിവ് നിരന്തരം പുതുക്കാനും നവീന ആശയങ്ങൾ സ്വീകരിക്കാനും ആഹ്വാനം ചെയ്തു. മാറിവരുന്ന യുദ്ധസാഹചര്യങ്ങളിൽ പൊരുത്തപ്പെടാനുള്ള കഴിവും ലക്ഷ്യബോധത്തോടെയുള്ള നേതൃത്വവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കരസേനയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പാരമ്പര്യവും ആധുനിക ചിന്താഗതിയുമൊത്തുചേർന്ന നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പിപ്പിംഗ് ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ തോളിൽ നക്ഷത്രങ്ങൾ അണിയിച്ചു. അക്കാദമി അഡ്ജുടന്റ് ലെഫ്റ്റനന്റ് കേണൽ പ്രഖർ ധഗത് പുതിയ ഓഫീസർമാർക്ക് രാജ്യസേവന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഭിമാനവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ പുതിയ ഓഫീസർമാർ സേനയിലെ തങ്ങളുടെ ‘പെഹ്ലാ കദം’ ആരംഭിച്ചു.

