കൊച്ചി : ആരോഗ്യമേഖലയിലെ പ്രശസ്തമായ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ അഞ്ചാം പതിപ്പിന് 2026 സെപ്റ്റംബര്‍ 12-ന് കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് വേദിയാകും. ദുബായ്, ലണ്ടന്‍, ബെംഗളൂരു എന്നീ നഗരങ്ങളിലെ വിജയകരമായ പതിപ്പുകള്‍ക്ക് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന ഈ ആഗോള പുരസ്കാരത്തിന് 214 രാജ്യങ്ങളില്‍ നിന്നായി 1,34,000-ത്തിലധികം നഴ്സുമാരാണ് അപേക്ഷിച്ചത്. മുഖ്യമന്ത്രി വി. ഡി. സതീശന്, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, റോജി എം. ജോണ്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍, അവസാന ഘട്ടത്തിലെത്തിയ 10 ഫൈനലിസ്റ്റുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് 2,50,000 യു.എസ് ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) സമ്മാനമായി നല്‍കും. നഴ്സിംഗ് രംഗത്തെ അസാധാരണ സേവനങ്ങളെയും മാനുഷിക മൂല്യങ്ങളെയും ലോകത്തിന് മുന്നില്‍ ആദരിക്കാനാണ് ഈ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പനും, ആസ്റ്റര്‍ ജി.സി.സി എം.ഡിയും സി.ഇ.ഒയുമായ അലീഷ മൂപ്പനും വ്യക്തമാക്കി.ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ വരുണ്‍ ഖന്ന, ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി. ജെ. വില്‍സണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. ഏണസ്റ്റ് ആന്‍ഡ് യംഗ് എല്‍.എല്‍.പി പ്രോസസ് അഡൈ്വസറായി പ്രവര്‍ത്തിച്ച സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്.

