ന്യൂഡൽഹി : കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന സുസ്ഥിര കാർഷിക വികസനവും ആഗോള ഭക്ഷ്യസുരക്ഷയും ലക്ഷ്യമിട്ട് ഇന്ത്യയും ആസിയാൻ (ASEAN) രാജ്യങ്ങളും ചേർന്നുള്ള 9-ാമത് കാർഷിക-വനസംരക്ഷ മന്ത്രിതല യോഗവും 10-ാമത് വർക്കിംഗ് ഗ്രൂപ്പ് യോഗവും ന്യൂഡൽഹിയിൽ സമാപിച്ചു. കേന്ദ്ര കാർഷിക-കർഷക ക്ഷേമ മന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഫിലിപ്പീൻസ് കാർഷിക സെക്രട്ടറി ഫ്രാൻസിസ്കോ പി. തിയു ലോറലും സംയുക്തമായി അധ്യക്ഷത വഹിച്ച യോഗത്തിൽ, 2026–2030 കാലയളവിലേക്കുള്ള സമഗ്ര പങ്കാളിത്ത മാർഗ്ഗരേഖയ്ക്ക് രൂപം നൽകി. കൃത്രിമബുദ്ധി (AI) അധിഷ്ഠിത ഡിജിറ്റൽ കാർഷിക സാങ്കേതികവിദ്യകൾ, കുറഞ്ഞ കാർബൺ ഉദ്വമനമുള്ള നെൽകൃഷി രീതികൾ, ജല മാനേജ്മെന്റ്, മണ്ണ് പരിശോധന എന്നിവയിൽ ഇരുപക്ഷവും സഹകരണം ശക്തമാക്കും. പങ്കാളിത്തത്തിന്റെ പ്രതീകമായി ‘ഇന്ത്യ-ആസിയാൻ ഫ്രണ്ട്ഷിപ്പ് സ്പൈക്ക്’ ചടങ്ങിൽ അനാച്ഛാദനം ചെയ്തു. 11 ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള 45 പ്രതിനിധികൾ ഐ.സി.എ.ആർ (ICAR) സമുച്ചയം സന്ദർശിക്കുകയും ഭാരതീയ കർഷകർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്ന ‘കിസാൻ സാരഥി’ പ്ലാറ്റ്ഫോം, മൃഗരോഗ പ്രതിരോധ വാക്സിനുകൾ, അക്വാകൾച്ചർ സാങ്കേതികവിദ്യകൾ എന്നിവ നേരിട്ട് കണ്ടറിയുകയും ചെയ്തു. മേഖലയിലെ അടുത്ത മന്ത്രിതല ഉച്ചകോടി 2028-ൽ നടക്കും.

