കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വിനോദസഞ്ചാര വ്യാപാര സംഗമമായ കേരള ട്രാവൽ മാർട്ടിന്റെ (KTM 2026) 13-ാം എഡിഷൻ സെപ്റ്റംബർ 24-ന് ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. 25 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തരംഗമായി മാറിയ ഇത്തവണത്തെ മേളയിൽ 800 വിദേശ പ്രതിനിധികളും 2,250 ആഭ്യന്തര ബയർമാരുമടക്കം റെക്കോർഡ് പങ്കാളിത്തമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു വിശിഷ്ടാതിഥിയാകും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും ഫോർട്ട് കൊച്ചിയിൽ മാത്രം 100 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സെപ്റ്റംബർ 25 മുതൽ 27 വരെ വില്ലിംഗ്ഡൺ ഐലൻഡിലെ സാഗര, സമുദ്രിക കൺവെൻഷൻ സെന്ററുകളിലാണ് ബി2ബി (B2B) ബിസിനസ്സ് കൂടിക്കാഴ്ചകൾ നടക്കുന്നത്. 383 സെല്ലർ സ്റ്റാളുകളും 45,000-ത്തിലധികം മുൻകൂട്ടി നിശ്ചയിച്ച ബിസിനസ്സ് കൂടിക്കാഴ്ചകളും ഉൾപ്പെടുന്ന മേള പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലാണ് ഏകോപിപ്പിക്കുന്നത്. 138 അന്താരാഷ്ട്ര-ദേശീയ മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന മേളയുടെ ഭാഗമായി സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 3 വരെ 12 മേഖലകളെ ഉൾപ്പെടുത്തി പോസ്റ്റ്-മാർട്ട് ടൂറുകളും സംഘടിപ്പിക്കും

