കൊച്ചി : അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ (ASSOCHAM) സംഘടിപ്പിച്ച നാലാമത് ഹെൽത്ത് ആൻഡ് വെൽനസ് സമ്മിറ്റിൽ ‘എക്സലൻസ് ഇൻ മെഡിക്കൽ വാല്യൂ ട്രാവൽ ആൻഡ് വെൽനസ് ടൂറിസം’ പുരസ്കാരം ആസ്റ്റർ മെഡ്സിറ്റിക്ക് ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ നീതി ആയോഗ് അംഗം എം. ശ്രീനിവാസിൽ നിന്നും ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ കേരള ഇന്റർനാഷണൽ ബിസിനസ് മേധാവി അമിത് സിംഗാൾ പുരസ്കാരം ഏറ്റുവാങ്ങി. രാജ്യാന്തര നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങൾ, അത്യാധുനിക സാങ്കേതികവിദ്യ, വിദേശത്തുനിന്നെത്തുന്ന രോഗികൾക്കായി നൽകുന്ന മികച്ച സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
ആഗോളതലത്തിലുള്ള രോഗികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിചരണം നൽകുന്നതിൽ ആസ്റ്റർ മെഡ്സിറ്റി എപ്പോഴും മുൻപന്തിയിലാണെന്നും അസോചം നൽകിയ ഈ അംഗീകാരം ആഗോള മെഡിക്കൽ ടൂറിസം രംഗത്തെ പ്രതിബദ്ധതയ്ക്കുള്ള തെളിവാണെന്നും ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ് സെൻട്രൽ കേരള റീജിയണൽ സി.ഇ.ഒ ഡോ. നലന്ദ ജയദേവ് പറഞ്ഞു. ടെലിമെഡിസിൻ സേവനങ്ങൾ, ഭാഷാ സഹായം, ഇൻഷുറൻസ് അസിസ്റ്റൻസ്, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക സേവനങ്ങളാണ് വിദേശ രോഗികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 58-ഓളം രാജ്യങ്ങളിൽ നിന്നുള്ള രോഗികളാണ് ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സ തേടിയത്. സി.ഐ.ഐ, ഹോസ്പെക്സ് പുരസ്കാരങ്ങൾക്ക് പിന്നാലെ എത്തിയ അസോചം അംഗീകാരം, അന്താരാഷ്ട്ര മെഡിക്കൽ ടൂറിസം ഹബ്ബെന്ന നിലയിൽ കൊച്ചിയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.

