കൊച്ചി : പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങൾ ക്രമാതീതമായി വർധിച്ചുവരുന്നതായി പാലക്കാട് നോവ ഐവിഎഫ് ഫെർട്ടിലിറ്റിയിലെ സ്പെഷ്യലിസ്റ്റ് ഡോ. ദീപ്തി സുരേന്ദ്രൻ വ്യക്തമാക്കി. ചികിത്സയ്ക്കെത്തുന്ന പുരുഷന്മാരിൽ 41 ശതമാനം പേരിലും ബീജത്തിന്റെ എണ്ണം, ചലനശേഷി എന്നിവയിൽ തകരാറുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 66 ശതമാനത്തിലധികം പേരും 31-നും 40-നും ഇടയിൽ പ്രായമുള്ളവരാണെന്നത് ആശങ്കാജനകമാണ്.
ശരീരസൗന്ദര്യം വർധിപ്പിക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കുന്ന ടെസ്റ്റോസ്റ്റിറോൺ, അനബോളിക് സ്റ്റിറോയിഡുകൾ എന്നിവ ബീജോൽപാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകി. കൂടാതെ പ്രായം, അമിതവണ്ണം, പ്രമേഹം, മാനസിക സമ്മർദം, ഉറക്കക്കുറവ്, പുകവലി, അമിത മദ്യപാനം, അനാരോഗ്യകരമായ ജീവിതശൈലി എന്നിവയും പുരുഷ പ്രത്യുത്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. വന്ധ്യതാ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ ഉറപ്പാക്കുന്നതിനായി ദമ്പതികൾ ഒരുമിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നും ഡോ. ദീപ്തി സുരേന്ദ്രൻ നിർദേശിച്ചു.

