അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്; 3,000 കിലോ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു

കൊച്ചി:  അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ (International Coastal Cleanup Day) ഭാഗമായി യുണൈറ്റഡ് നേഷൻസ് എൻവിറോൺമെന്റ് പ്രോഗ്രാം (UNEP), സൗത്ത് ഏഷ്യ കോ-ഓപ്പറേറ്റീവ് എൻവിറോൺമെന്റ് പ്രോഗ്രാം (SACEP), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സി.എം.എൽ.ആർ.ഇ (CMLRE) എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് ഹെഡ്ക്വാട്ടേഴ്സ് 4 (കേരളവും മാഹിയും) സംസ്ഥാനത്തുടനീളം ബൃഹത്തായ തീരദേശ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കടൽ മലിനീകരണത്തിനെതിരെ ജനങ്ങളിൽ അവബോധം വളർത്തുന്നതിനും സമുദ്ര പരിസ്ഥിതി വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി സെപ്റ്റംബർ 19-ന് സംഘടിപ്പിച്ച ഈ യജ്ഞത്തിൽ കൊച്ചിയെക്കൂടാതെ കോവളം, ഫോർട്ട് കൊച്ചി, പുതുവൈപ്പ്, കുഴുപ്പുള്ളി, കോഴിക്കോട് തുടങ്ങി കേരളത്തിലെ പ്രമുഖ കടൽത്തീരങ്ങൾ ശുചീകരിച്ചു. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും പുറമെ സന്നദ്ധ സംഘടനകൾ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ, കേരള പോലീസ്, ഐ.ഒ.സി.എൽ, ഡി.പി വേൾഡ്, ബിസ്‌ലേരി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ആയിരത്തിലധികം സന്നദ്ധപ്രവർത്തകർ ശുചീകരണത്തിൽ പങ്കാളികളായി. ജനപങ്കാളിത്തത്തോടെ നടന്ന ഈ ശുചീകരണ പ്രവർത്തനങ്ങളിലൂടെ തീരങ്ങളിൽ നിന്ന് 3,000 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ശേഖരിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്തു.

ഫോർട്ട് കൊച്ചി ബീച്ചിൽ നടന്ന പ്രധാന ചടങ്ങ് കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. വി.കെ മിനിമോൾ ഉദ്ഘാടനം ചെയ്തു. ഫോർട്ട് കൊച്ചി എം.എൽ.എ  മുഹമ്മദ് ഷിയാസ്, സതേൺ നേവൽ കമാൻഡ് ഐ.എഫ്.എ  ടി. കബിലൻ, സി.എം.എൽ.ആർ.ഇ തലവൻ ഡോ. ആർ.എസ് മഹേഷ് കുമാർ, മട്ടാഞ്ചേരി എ.സി.പി അജിത് കുമാർ, കൗൺസിലർ ഷൈനി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷനും എൻ.സി.ഇ.എസ്.എസും (NCESS) സംയുക്തമായി സംഘടിപ്പിച്ച കോവളം ബീച്ചിലെ ശുചീകരണം ഡോ. റെജി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. കുഴുപ്പുള്ളി ബീച്ചിൽ മുൻ ഇന്ത്യൻ വോളിബോൾ ടീം ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് മുഖ്യാതിഥിയായും, പുതുവൈപ്പിൽ വൈപ്പിൻ  ടോണി ചമ്മിണി എം.എൽ.എ ഉദ്ഘാടകനായും പങ്കെടുത്തു. കോഴിക്കോട് ബീച്ചിലെ ശുചീകരണ പ്രവർത്തനം ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ ഒ. സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. കടലിലെ പ്ലാസ്റ്റിക് മലിനീകരണം സമുദ്ര ജീവികൾക്കും പരിസ്ഥിതിക്കും സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ഈ കാമ്പയിൻ ലക്ഷ്യമിട്ടു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു