വണ്ടർലയുടെ എക്കാലത്തെയും മികച്ച പ്രകടനം
കൊച്ചി : പ്രമുഖ വിനോദസഞ്ചാര തീം പാർക്ക് ശൃംഖലയായ വണ്ടർല ഹോളിഡേയ്സിന് 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ (Q2) എക്കാലത്തെയും മികച്ച പ്രകടനം. മുൻവർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് മൊത്തം വരുമാനം 42 ശതമാനം വർധിച്ച് 125.68 കോടി രൂപയായി. കമ്പനിയുടെ എബിറ്റ്ഡ (EBITDA) 90 ശതമാനം ഉയർന്ന് 30.11 കോടി രൂപയിലെത്തി. ഈ പാദത്തിൽ വിവിധ പാർക്കുകളിലായി ആകെ 7.25 ലക്ഷം സന്ദർശകരെത്തി.നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1) കമ്പനിയുടെ മൊത്തം വരുമാനം 41 ശതമാനം വർധിച്ച് 377.78 കോടി രൂപയായും എബിറ്റ്ഡ 47 ശതമാനം ഉയർന്ന് 152.10 കോടി രൂപയായും രേഖപ്പെടുത്തി.
ബെംഗളൂരു, കൊച്ചി പാർക്കുകളും റിസോർട്ട് ബിസിനസും എക്കാലത്തെയും മികച്ച രണ്ടാം പാദ പ്രകടനമാണ് കാഴ്ചവെച്ചത്. പുതിയതായി ആരംഭിച്ച ചെന്നൈ പാർക്ക് രണ്ടാം പാദത്തിൽ 27.79 കോടി രൂപ വരുമാനം നേടി കമ്പനിയുടെ വളർച്ചയ്ക്ക് കരുത്തേകി.
കമ്പനിയുടെ എക്കാലത്തെയും മികച്ച രണ്ടാം പാദ പ്രകടനമാണിതെന്ന് വണ്ടർല ഹോളിഡേയ്സ് എക്സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. വരുമാനത്തിലും ലാഭക്ഷമതയിലും മികച്ച വളർച്ച നേടാനായെന്നും ശേഷിക്കുന്ന സാമ്പത്തിക വർഷത്തിലും മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കാനും സുസ്ഥിരമായ വളർച്ച നേടാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

