കൊച്ചി : മുൻനിര ഗാർഹിക ടെക്സ്റ്റൈൽ ബ്രാൻഡായ ബോംബെ ഡൈയിംഗ് ആൻഡ് മാനുഫാക്ചറിംഗ് കമ്പനി ലിമിറ്റഡ് (ബോംബെ ഡൈയിംഗ് ), ‘കോറൽ വൈൻ’ (Coral Vine) എന്ന പേരിൽ വിപണിയിൽ വിറ്റഴിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾക്കെതിരെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബോംബെ ഡൈയിംഗിന്റെ പേരും ലോഗോയും വ്യാജമായി ഉപയോഗിച്ച് തെരുവുകളിലും താത്കാലിക സ്റ്റാളുകളിലും റെസിഡൻഷ്യൽ സൊസൈറ്റികളിലും ചില അനധികൃത വിൽപ്പനക്കാർ ഈ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കമ്പനി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നിലവിൽ ‘കോറൽ വൈൻ’ എന്ന പേരിൽ കമ്പനി യാതൊരു ഉൽപ്പന്നങ്ങളും നിർമ്മിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ലെന്നും, ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ ഗുണനിലവാരം കുറഞ്ഞതും ഗുരുതരമായ ചർമ്മ അലർജികൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും ബോംബെ ഡൈയിംഗ് വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകളിൽപ്പെടാതിരിക്കാൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ അംഗീകൃത ഡീലർമാരിൽ നിന്നും റീട്ടെയിലർമാരിൽ നിന്നും മാത്രം ഉൽപ്പന്നങ്ങൾ വാങ്ങണമെന്നും, വ്യാജ വിൽപ്പനക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കമ്പനി അറിയിച്ചു.

