കൊച്ചി : ഇന്ത്യയിലുടനീളമുള്ള ഏകദേശം 12,000 വാണിജ്യ വാഹന ഡ്രൈവർമാർക്കും ഗതാഗത മേഖലയിലെ തൊഴിലാളികൾക്കും സൗജന്യ നേത്രപരിശോധനയും കണ്ണടകളും നൽകുന്നതിനായി ഡിപി വേൾഡിന്റെ ‘ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎ’ വിഭാഗം വിഷൻസ്പ്രിംഗ് ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം വിപുലീകരിച്ചു. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രൈവർമാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന പദ്ധതിയുടെ പുതിയ ഘട്ടത്തിന് മുംബൈയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് തുടക്കമായി. വരും ദിവസങ്ങളിൽ കൊച്ചി, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ പ്രമുഖ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളിലും പരിശോധനകൾ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി വിദഗ്ധരായ ആരോഗ്യപ്രവർത്തകർ സമഗ്രമായ നേത്രപരിശോധനയും സൗജന്യ കണ്ണടകളും വിതരണം ചെയ്യുന്നതോടൊപ്പം, തിമിരം പോലെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ തുടർചികിത്സയ്ക്കായി പ്രാദേശിക ചാരിറ്റബിൾ സ്ഥാപനങ്ങളിലേക്കോ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലേക്കോ റഫർ ചെയ്യുകയും ചെയ്യും.
2025-ൽ ഗുജറാത്തിൽ വിജയകരമായി നടപ്പിലാക്കിയ പദ്ധതിയുടെ തുടർച്ചയായാണ് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി പദ്ധതി വിപുലീകരിക്കുന്നത്. ഗുജറാത്തിലെ ക്യാമ്പുകളിൽ 9,000 തൊഴിലാളികളെ പരിശോധിക്കുകയും 5,200-ലധികം കണ്ണടകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. പരിശോധനയ്ക്ക് വിധേയരായവരിൽ 61 ശതമാനം പേർക്കും കാഴ്ചപ്രശ്നങ്ങൾ ഉള്ളതായി കണ്ടെത്തിയതിൽ, 94 ശതമാനം പേരും ആദ്യമായാണ് കണ്ണട ഉപയോഗിക്കുന്നത് എന്നത് ഗതാഗത മേഖലയിലെ നേത്രപരിചരണ ലഭ്യതക്കുറവിനെയാണ് വ്യക്തമാക്കുന്നത്. ഈ പരിപാടിയിലൂടെ ഡ്രൈവർമാർക്ക് മികച്ച നേത്ര പരിചരണം ഉറപ്പാക്കാനും, സുരക്ഷിതമായി റോഡിൽ തുടരാനും സഹായിക്കുന്നുവെന്ന് ഡിപി വേൾഡ് ഷിപ്പിംഗ് സൊല്യൂഷൻസ് എഎംഇഎ റീജിയണൽ ഡയറക്ടർ സി. എം. മുരളീധരൻ പറഞ്ഞു.

