കൊച്ചി : ‘ബന്ധങ്ങളിൽ നിക്ഷേപിക്കാം’ എന്ന ബ്രാൻഡ് പ്രമേയത്തെ അടിസ്ഥാനമാക്കി സൗത്ത് ഇന്ത്യൻ ബാങ്ക് തങ്ങളുടെ പുതിയ ദീപാവലി ക്യാംപെയിൻ പരസ്യചിത്രം പുറത്തിറക്കി. പരമ്പരാഗത ആഘോഷങ്ങൾക്കപ്പുറം പരസ്പരം പങ്കുവെക്കുന്ന സന്തോഷവും സ്നേഹവുമാണ് ദീപാവലിയുടെ യഥാർത്ഥ വെളിച്ചമെന്ന സന്ദേശമാണ് ഈ ഹ്രസ്വചിത്രം മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ രണ്ട് കോടിയിലധികം കാഴ്ചക്കാരുമായി മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
ഒരു ദീപാവലി ഓപ്പൺ മൈക്ക് വേദിയുടെ പശ്ചാത്തലത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. “ദീപാവലിക്ക് മധുരപലഹാരങ്ങളിൽ വെച്ച് ഏറ്റവും മധുരമുള്ളത് എന്താണ്? ഉത്സവ വിളക്കുകളെക്കാൾ കൂടുതൽ പ്രകാശിക്കുന്നത് എന്താണ്? പൂത്തിരികളേക്കാൾ കൂടുതൽ തിളങ്ങുന്നത് എന്താണ്?” എന്നിങ്ങനെ കൗതുകമുണർത്തുന്ന ചില ചോദ്യങ്ങളിലൂടെ പ്രധാന കഥാപാത്രം പ്രേക്ഷകരുമായി സംവദിക്കുന്നു. തുടർന്ന് കാരുണ്യത്തിന്റെയും കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും കഥകൾ പറയുന്ന മൂന്ന് ഹൃദയസ്പർശിയായ നിമിഷങ്ങൾ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. മധുരപലഹാരങ്ങളും വിളക്കുകളും പടക്കങ്ങളും ദീപാവലിയുടെ ഭാഗമാണെങ്കിലും, പരസ്പരം നമ്മൾ നൽകുന്ന സന്തോഷമാണ് ഈ ഉത്സവത്തിലെ ഏറ്റവും തിളക്കമുള്ള ഭാഗമെന്ന വ്യക്തമായ സന്ദേശമാണ് ചിത്രം നൽകുന്നത്. വിവിധ പ്രദേശങ്ങളിലെയും ഭാഷാ വിഭാഗങ്ങളിലെയും ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിനായി ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ്, മറാത്തി എന്നീ അഞ്ച് ഭാഷകളിൽ ചിത്രം ലഭ്യമാക്കിയിട്ടുണ്ട്.
നാം പങ്കിടുന്ന ബന്ധങ്ങളിലൂടെ ആഘോഷിക്കുമ്പോൾ ഓരോ ഉത്സവവും കൂടുതൽ അർത്ഥവത്താകുന്നുവെന്നും, ബന്ധങ്ങളിൽ നിക്ഷേപിക്കുന്നതാണ് ഏത് കാര്യത്തേക്കാളും അർത്ഥവത്തായ നിക്ഷേപം എന്ന വിശ്വാസമാണ് ഈ ഹ്രസ്വചിത്രത്തിലൂടെ പങ്കുവെക്കുന്നതെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജറും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ. പറഞ്ഞു. ദൈനംദിന ബാങ്കിംഗിനപ്പുറം കൊച്ചു കൊച്ചു സ്നേഹപ്രകടനങ്ങളിലൂടെ സന്തോഷം കണ്ടെത്താൻ ഈ ദീപാവലി ചിത്രം പ്രചോദനമാകുമെന്ന് ബാങ്ക് മാർക്കറ്റിംഗ് ഹെഡ് ഡോ. രമേശ് കെ.പി. അഭിപ്രായപ്പെട്ടു.
പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ പരസ്യചിത്രത്തിന്റെ രചന ശരത് പ്രകാശും സംവിധാനം മാർട്ടിൻ പ്രക്കാട്ടുമാണ് നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശിവഹരി വർമ്മയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

