കൊച്ചി : സ്തനാർബുദ ബോധവൽക്കരണ മാസ ആചരണത്തിന്റെ ഭാഗമായി ‘റൈഡ് ഫോർ ലൈഫ്’ സൈക്ലത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി. സ്തനാർബുദം സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരെയും ബാധിക്കാം എന്ന സുപ്രധാന സന്ദേശം പങ്കുവെച്ചുകൊണ്ട് ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി എൻട്രൻസിൽ നിന്ന് ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. “ഒരുമിച്ച് സഞ്ചരിക്കാം. അവളുടെ മാത്രമല്ല, അവന്റെയും” എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പുരുഷന്മാരും ഈ രോഗത്തെക്കുറിച്ച് ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി.
സ്തനാർബുദ ബോധവൽക്കരണം സാധാരണയായി സ്ത്രീ കേന്ദ്രീകൃതമായാണ് കാണാറുള്ളതെങ്കിലും, റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്തനാർബുദ കേസുകളിൽ ഒരു ശതമാനം പുരുഷന്മാരിലാണ് കാണപ്പെടുന്നത് എന്ന് ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ലീഡും സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. ജെം കളത്തിൽ പറഞ്ഞു. കൃത്യമായ ബോധവൽക്കരണത്തിന്റെ കുറവുമൂലം പലപ്പോഴും വൈകിയാണ് പുരുഷന്മാരിൽ ഇത് തിരിച്ചറിയുന്നതെന്നും, നെഞ്ചിന്റെ ഭാഗത്ത് വേദനയില്ലാത്ത തടിപ്പുകളോ മാറ്റങ്ങളോ കണ്ടാൽ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആസ്റ്റർ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയുടെ പിന്തുണ പദ്ധതിയായ ‘സഖി’യും വൺ-സ്റ്റോപ്പ് ബ്രെസ്റ്റ് ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച സൈക്ലത്തോൺ ആസ്റ്റർ മെഡ്സിറ്റി മുതൽ ചിറ്റൂർ വരെയാണ് നടത്തിയത്. ചടങ്ങിൽ മെഡിക്കൽ ഓങ്കോളജി കൺസൾട്ടൻ്റ് ഡോ. ദിലീപ് ഹരീന്ദ്രൻ വള്ളത്തോൾ ഉൾപ്പെടെയുള്ള മുതിർന്ന ആസ്റ്റർ അധികൃതർ പങ്കെടുത്തു.

