ഇന്തോ-പസിഫിക് റീജിയണൽ ഡയലോഗ് (IPRD-2026) ന്യൂഡൽഹിയിൽ 

കൊച്ചി ; ഇന്ത്യൻ നാവികസേനയുടെ വാർഷിക അന്താരാഷ്ട്ര തന്ത്രപ്രധാന ഉച്ചകോടിയായ ഇന്തോ-പസിഫിക് റീജിയണൽ ഡയലോഗിന്റെ (IPRD-2026) പുതിയ പതിപ്പിന്  ന്യൂഡൽഹിയിൽ തുടക്കമായി. നാവികസേനയുടെ നോളജ് പാർട്ണറായ നാഷണൽ മാരിടൈം ഫൗണ്ടേഷനുമായി (NMF) സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനം, ‘ഇന്തോ-പസിഫിക്കിലെ ശാസ്ത്രീയ, സാങ്കേതിക, അക്കാദമിക് സഹകരണം’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. ശാസ്ത്ര മുന്നേറ്റങ്ങളെയും സ്ഥാപനപരമായ പങ്കാളിത്തങ്ങളെയും പ്രായോഗിക മേഖല സഹകരണമാക്കി മാറ്റുന്നതിനാണ് സമ്മേളനം മുൻഗണന നൽകുന്നത്.

നാഷണൽ മാരിടൈം ഫൗണ്ടേഷൻ ചെയർമാനും മുൻ നാവികസേനാ മേധാവിയുമായ അഡ്മിറൽ ദിനേശ് കെ. ത്രിപാഠി (റിട്ട.) ഉദ്ഘാടന പ്രസംഗം നടത്തി. തുടർന്ന് കേന്ദ്ര സർക്കാരിന്റെ നാഷണൽ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ വൈസ് അഡ്മിറൽ ബിശ്വജിത് ദാസ്ഗുപ്ത (റിട്ട.) പ്രത്യേക പ്രഭാഷണം നിർവഹിച്ചു.

മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് ദ നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ സഞ്ജയ് മഹിന്ദ്രുവിന്റെ (റിട്ട.) അധ്യക്ഷതയിൽ നടന്ന ‘അക്കാദമിക് നെറ്റ്‌വർക്കുകൾ, ഗവേഷണം, മനുഷ്യവിഭവശേഷി വികസനം’ എന്ന വിഷയത്തിലെ ആദ്യ സെഷനിൽ ഫ്രാൻസ്, ഇന്തോനേഷ്യ, ജപ്പാൻ, മാലദ്വീപ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി ‘സീ ബ്ലൈൻഡ്‌നെസ് ആൻഡ് മാരിടൈം ഹെറിറ്റേജ് ഇൻ ഇന്ത്യ’ എന്ന പഠന ഗ്രന്ഥം പ്രകാശനം ചെയ്തു. ‘മാരിടൈം സിറ്റുവേഷണൽ അവെയർനെസ് ആൻഡ് പ്രൊട്ടക്ഷൻ ഓഫ് ക്രിട്ടിക്കൽ മാരിടൈം ഇൻഫ്രാസ്ട്രക്ചർ’ എന്ന രണ്ടാം സെഷന് മുൻ ഡെപ്യൂട്ടി ചീഫ് ഓഫ് ദ നേവൽ സ്റ്റാഫ് വൈസ് അഡ്മിറൽ തരുൺ സോബ്തി (റിട്ട.) നേതൃത്വം നൽകി. കടലിലെ നിർണായക അടിത്തറകളുടെ സംരക്ഷണം, ഇൻഫർമേഷൻ ഷെയറിംഗ് എന്നിവ സെഷനിൽ ചർച്ചയായി. എൻഎംഎഫ് ഡയറക്ടർ ജനറൽ വൈസ് അഡ്മിറൽ പ്രദീപ് ചൗഹാന്റെ (റിട്ട.) നേതൃത്വത്തിൽ നടന്ന ‘സഹയോഗ് കാ സംവാദ്’ സ്ഥാനപതിതല ചർച്ചയിൽ ശ്രീലങ്ക, ഫിലിപ്പീൻസ്, നോർവേ രാജ്യങ്ങളുടെ അംബാസഡർമാർ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു