കൊച്ചി: ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗാർമെന്റ്സ് ക്രിക്കറ്റ് കാർണിവൽ — ‘കൂൾ കളേഴ്സ് ഗാർമെന്റ്സ് പ്രീമിയർ ലീഗ്’ (GPL) ഏഴാം പതിപ്പ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ മഡ്ഗാവ് ക്രിക്കറ്റ് ക്ലബ്ബിൽ നടക്കും. കൊച്ചി തൃപ്പൂണിത്തുറ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റായ ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ, ടെക്സ്റ്റൈൽ-ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ മാനസികവും ശാരീരികവും തൊഴിൽപരവുമായ ഉന്നമനം ലക്ഷ്യമിട്ടാണ് വർഷം തോറും ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്.
പ്രമുഖ വസ്ത്ര ബ്രാൻഡായ ‘കൂൾ കളേഴ്സ്’ പ്രധാന സ്പോൺസറാകുന്ന ടൂർണമെന്റിൽ 12 പ്രമുഖ ടീമുകൾ മാറ്റുരയ്ക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ബ്രാൻഡ് പ്രതിനിധികൾ, കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരികൾ, വിതരണക്കാർ എന്നിവരുൾപ്പെടെ 300-ലധികം പേർ അഞ്ചു ദിവസം നീളുന്ന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ഗാർമെന്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രസ്റ്റ് പ്രസിഡന്റ് വി.എം.എച്ച്. അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ് എന്നിവർ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.

