കൊച്ചി : ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് തർക്കഷ് (INS Tarkash) മൊറീഷ്യസിലെ പോർട്ട് ലൂയിസിലെ ഔദ്യോഗിക സന്ദർശനം 2026 നവംബർ 03-ന് വിജയകരമായി പൂർത്തിയാക്കി. സന്ദർശനത്തിന്റെ ഭാഗമായി കപ്പലിന്റെ കമാൻഡിംഗ് ഓഫീസർ മൊറീഷ്യസ് ആഭ്യന്തര മന്ത്രാലയം സെക്രട്ടറി കൻ ഒയ് ഫോങ്, പോലീസ് കമ്മീഷണർ റാംപ്രസാദ് സുരൂജേബാലി (PMSM) എന്നിവരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പോലീസ് കമ്മീഷണർ കപ്പൽ സന്ദർശിച്ച് നാവികരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
192-ാമത് ആപ്രവാസി ദിവസുമായി (Aapravasi Diwas) ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികളിൽ ഐഎൻഎസ് തർക്കഷ് പങ്കാളിയായി. ഇതിനോടനുബന്ധിച്ച് കപ്പലിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ മൊറീഷ്യസ് വിദ്യാഭ്യാസ-മനുഷ്യവിഭവശേഷി മന്ത്രി ഡോ. മഹേന്ദ്ര ഗുംഗപ്രസാദ് മുഖ്യാതിഥിയായിരുന്നു. മൊറീഷ്യസിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അരുരാഗ് ശ്രീവാസ്തവയും ചടങ്ങിൽ പങ്കെടുത്തു.
സന്ദർശനത്തിനിടെ മൊറീഷ്യസ് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന പരിപാടികളും ഹോസ്പൈസ് സെന്റ് ജീൻ ഡി ഡിയൂവിൽ ചാരിറ്റി പ്രവർത്തനങ്ങളും നാവികസേനാ സംഘം സംഘടിപ്പിച്ചു. പോർട്ട് ലൂയിസിൽ നിന്നുള്ള മടക്കയാത്രയിൽ സിജിഎസ് വലിയന്റുമായി (CGS Valiant) ചേർന്ന് ‘പാസെക്സ്’ (PASSEX) പരിശീലനവും ഡെോർണിയർ വിമാനത്തിന്റെ സഹായത്തോടെ മൊറീഷ്യസ് കോസ്റ്റ് ഗാർഡുമായി സംയുക്തമായി എക്സ്ക്ലൂസീവ് ഇക്കണോമിക് സോൺ (EEZ) നിരീക്ഷണവും ഐഎൻഎസ് തർക്കഷ് പൂർത്തിയാക്കി. സന്ദർശനം പൂർത്തിയാക്കിയ കപ്പൽ അടുത്ത ഘട്ട പ്രവർത്തന മേഖലയിലേക്ക് തിരിച്ചു.

