കൊച്ചി: ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സ് (ആസാദി) വൈറ്റില കാമ്പസില്‍ ആരംഭിക്കുന്ന കാലാവസ്ഥാധിഷ്ഠിത ആര്‍ക്കിടെക്ചര്‍ പഠന കേന്ദ്രം ‘സ്കൂള്‍ ഓഫ് സ്പേഷ്യല്‍ ഇക്കോളജീസ്’ പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും മാഗ്സസെ അവാര്‍ഡ് ജേതാവുമായ ടി. എം. കൃഷ്ണ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ആര്‍ക്കിടെക്ചര്‍ രീതികള്‍ അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്നും, കാലാവസ്ഥാ വ്യതിയാനം അതിവേഗം ബാധിക്കുന്ന പുതിയ കാലഘട്ടത്തില്‍ ഭൂമി, ജലം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെ കേന്ദ്രീകരിച്ചുള്ള ആര്‍ക്കിടെക്ചര്‍ രീതികള്‍ പാഠ്യവിഷയമാക്കുന്നതും ഗവേഷണങ്ങള്‍ക്ക് അവസരമൊരുക്കുന്നതും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറ മുന്‍സിപ്പല്‍ ചെയര്മാന് പി. എല്‍. ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ബിരുദദാനവും നടന്നു. സാംസ്കാരിക സംഗമം ദീപക് ജോയ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്കാരം, കാലാവസ്ഥ, മനുഷ്യരും മറ്റു ജീവജാലങ്ങളും ഉള്‍പ്പെടുന്ന വിശാലമായ പരിസ്ഥിതിയും ദക്ഷിണേഷ്യയിലെ നഗരങ്ങള്‍ നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങളും കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ക്കായിരിക്കും കേന്ദ്രം മുന്‍ഗണന നല്‍കുകയെന്ന് ആസാദി ചെയര്മാന് പ്രൊഫ. ആര്‍ക്കിടെക്റ്റ് ബി. ആര്. അജിത് വ്യക്തമാക്കി. ചടങ്ങില്‍ ആസാദി സി.ഇ.ഓ അമ്മു അജിത്, പ്രിന്‍സിപ്പല്‍ ഡോ. സൗമിനി രാജ, വൈസ് പ്രിന്‍സിപ്പല്‍മാരായ ആര്‍ക്കിടെക്റ്റ് അനിത മേനെദാല്, നീതു ഡേവിസ്, എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ഡി. മാവൂത്തു, ആര്.ഐ.ടി ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവി ഡോ. ബിനുമോള്‍ ടോം, വാര്‍ഡ് കൗണ്‍സിലര്‍ എ. പി. അനില്‍ കുമാര്‍, ദേവി അജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

