കൊച്ചി: മെഡിറ്ററേനിയൻ കടലിലെ നിരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ത്രിശൂൽ (INS Trishul) ഗ്രീസിലെ സൗദ ബേയിൽ (Souda Bay) നടത്തിയ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി. സന്ദർശനം ഇന്ത്യൻ നാവികസേനയും ഗ്രീക്ക് (ഹെല്ലനിക്) നാവികസേനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സമുദ്ര സുരക്ഷാ സഹകരണവും കൂടുതൽ ശക്തമാക്കി.

സന്ദർശന വേളയിൽ ഐഎൻഎസ് ത്രിശൂൽ കമാൻഡിംഗ് ഓഫീസർ ഗ്രീക്ക് നാവികസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും നാറ്റോ മാരിടൈം ഇന്റർഡിക്ഷൻ ഓപ്പറേഷൻസ് ട്രെയിനിംഗ് സെന്റർ (NMIOTC), യുഎസ് നേവൽ സപ്പോർട്ട് ആക്റ്റിവിറ്റി (NSA) സൗദ ബേ മേധാവികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തി. ഗ്രീസിലെ ഇന്ത്യൻ അംബാസഡർ രവിശങ്കർ കപ്പൽ സന്ദർശിച്ച് നാവികരുമായി ആശയവിനിമയം നടത്തുകയും കപ്പലിന്റെ യുദ്ധശേഷി വിലയിരുത്തുകയും ചെയ്തു. അംബാസഡർ രവിശങ്കർ, നാറ്റോ മിസൈൽ ഫയറിങ് ഇൻസ്റ്റലേഷൻ കമാൻഡർ മേജർ ജനറൽ എൻ. ദിമിത്രാക്കോസ്, ഗ്രീക്ക്-യുഎസ് നാവികസേനാ ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രവാസി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത് കപ്പലിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു. സൗദ ബേയിൽ നിന്നുള്ള മടക്കയാത്രയിൽ ഗ്രീക്ക് നാവികസേനയുടെ എച്ച്എസ് ലിംനോസ് (HS Limnos – F451) യുദ്ധക്കപ്പലുമായി ചേർന്ന് ഐഎൻഎസ് ത്രിശൂൽ ‘പാസെക്സ്’ (PASSEX) പരിശീലനം പൂർത്തിയാക്കി. ഹെലികോപ്റ്റർ ക്രോസ്-ഡെക്ക് ലാൻഡിംഗ്, മാന്യൂവറിങ് ഡ്രില്ലുകൾ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു.

