ഇന്ത്യ-മ്യാൻമർ സംയുക്ത ദുരന്തനിവാരണ പരിശീലനം ‘രാഹത് മിത്ര’ ചെന്നൈയിൽ

കൊച്ചി :  ഇന്ത്യയുടെയും മ്യാൻമറിന്റെയും സായുധ സേനകൾ സംയുക്തമായി സംഘടിപ്പിച്ച പ്രഥമ ത്രിസേനാ ദുരന്തനിവാരണ പരിശീലനം (HADR Exercise) ‘രാഹത് മിത്ര’ (RAHAT MITRA) ചെന്നൈയിൽ  സമാപിച്ചു. ഇന്ത്യൻ നാവികസേന, കരസേന, വ്യോമസേന എന്നിവയിലെ ഉദ്യോഗസ്ഥരും മ്യാൻമർ ഡിഫൻസ് ഫോഴ്സിന്റെ പ്രതിനിധി സംഘവുമാണ് ദ്വിദിന പരിശീലനത്തിൽ പങ്കെടുത്തത്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലെ ഏകോപനവും പരസ്പര സഹകരണവും വർദ്ധിപ്പിക്കുന്നതിനാണ് ഈ സംയുക്ത അഭ്യാസം സംഘടിപ്പിച്ചത്.

തീവ്ര ചുഴലിക്കാറ്റ് പശ്ചാത്തലമാക്കിയുള്ള ടേബിൾ-ടോപ്പ് എക്സർസൈസോടെ (TTX) ആരംഭിച്ച പരിശീലനത്തിൽ ഇരുസേനകളും ദുരന്തനിവാരണ ശേഷികൾ പങ്കുവെച്ചു. കരസേനയുടെ തടസ്സങ്ങൾ നീക്കൽ, പാലം നിർമ്മാണം എന്നിവയുടെ ഡെമോൺസ്ട്രേഷനും ഐഎൻഎസ് സുകന്യയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ നിരീക്ഷണവും നടന്നു. രണ്ടാം ദിനത്തിൽ മിലിട്ടറി ഹോസ്പിറ്റൽ ചെന്നൈയിൽ ഫീൽഡ് മെഡിക്കൽ ക്യാമ്പ് മാതൃകകളും, ഐഎൻഎസ് അടിയാർ കേന്ദ്രീകരിച്ച് കമാൻഡ് വിനിമയ സംവിധാനങ്ങളും പ്രദർശിപ്പിച്ചു. ഫ്ലഡ് റിലീഫ് ടീമുകളുടെ പ്രവർത്തനം, ചേതക് ഹെലികോപ്റ്ററും ഐഎൻഎസ് ബിത്രയും ചേർന്നുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ, വ്യോമസേനയുടെ എഎൽഎച്ച് ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള ആളുകളെ ഒഴിപ്പിക്കൽ ഡ്രിൽ എന്നിവയും അഭ്യാസത്തിന്റെ ഭാഗമായി നടന്നു. മ്യാൻമർ പ്രതിനിധി കമ്മഡോർ ആങ് നിയാങ് വിനും സംഘവും വ്യോമസേനാ ഹെലികോപ്റ്ററിലെ രക്ഷാപ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളായി. പരിശീലനം വിജയകരമായി പൂർത്തിയായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രതിരോധ സഹകരണവും മേഖലയിലെ സമുദ്ര സുരക്ഷാ സജ്ജതയും കൂടുതൽ ശക്തമായി.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു