ലോക പ്രമേഹ ദിനം : വി.പി.എസ് ലേക്ഷോര്‍ ‘ബ്ലൂ സ്റ്റെപ്പ്‌സ്’ വാക്കത്തോണ്‍ സംഘടിപ്പിച്ചു

കൊച്ചി : ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് വി.പി.എസ് ലേക്ഷോര്‍ ആശുപത്രി സംഘടിപ്പിച്ച ‘ബ്ലൂ സ്റ്റെപ്പ്‌സ്’ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
നടന്‍ കൈലാഷ്, മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാം, വി.പി.എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, സി.ഇ.ഒ ജയേഷ് വി. നായര്‍ എന്നിവര്‍ ചേര്‍ന്ന് വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ബോധവത്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രമേഹ നിയന്ത്രണത്തിന് ഏറെ ഗുണകരമാണെന്നും ഈ വാക്കത്തോണിലൂടെ ഡയബറ്റീസ് ബോധവത്കരണ രംഗത്ത് വലിയ മുന്നേറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നും നടന്‍ കൈലാഷ് അഭിപ്രായപ്പെട്ടു.

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാറും, പ്രമേഹ ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഗൗരവത്തോടെ കാണണമെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് പ്രധാനമെന്നും കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സലാമും പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗ്രൂപ്പ് സി.ഇ.ഒ അഭിഷേക് പൊഡുരി, ഇന്ത്യ ലോകത്തിലെ ഡയബറ്റീസ് തലസ്ഥാനമായി മാറുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കാന്‍ ഇത്തരം ഉദ്യമങ്ങളിലൂടെ സാധിക്കുമെന്ന് വ്യക്തമാക്കി. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും കൃത്യമായ ഇടവേളകളിലെ പരിശോധനയും പ്രമേഹത്തെ അകറ്റി നിര്‍ത്തുമെന്ന് എന്‍ഡോക്രിനോളജി വിഭാഗം മേധാവി ഡോ. വിവേക് മാത്യുവും, ലോകത്തിലെ 51 കോടി ജനങ്ങള്‍ പ്രമേഹബാധിതരാണെന്നും ഭക്ഷണ ക്രമീകരണം, വ്യായാമം, ആവശ്യത്തിനുള്ള ഉറക്കം, കൃത്യമായ മരുന്ന് എന്നിവയിലൂടെ രോഗം നിയന്ത്രിക്കാനാകുമെന്നും ജനറല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. അനിത നമ്പ്യാരും പറഞ്ഞു. സി.ഇ.ഒ ജയേഷ് വി. നായര്‍ സ്വാഗതവും ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. മറിയ വര്‍ഗീസ് നന്ദിയും പറഞ്ഞു.

ആശുപത്രി പരിസരത്ത് നിന്ന് ആരംഭിച്ച് പനങ്ങാട്, കുമ്പളം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തിരികെ വി.പി.എസ് ലേക്ഷോറില്‍ സമാപിച്ച വാക്കത്തോണിനോടനുബന്ധിച്ച് സുംബ ഡാന്‍സ് ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ ഒരുക്കിയിരുന്നു. ആര്‍.എസ്.എസ്.ഡി.ഐ (ഞടടഉക) കേരള ഘടകത്തിന്റെ സഹകരണത്തോടെയും വാക്കാറുവിന്റെ പങ്കാളിത്തത്തോടെയും നടന്ന പരിപാടിയില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആശുപത്രിയിലും വിവിധ മെട്രോ സ്റ്റേഷനുകളിലും സൗജന്യ പ്രമേഹ പരിശോധനയും, ഡോ. അനിത നമ്പ്യാര്‍, ചീഫ് ഡയറ്റീഷ്യന്‍ ഡോ. മഞ്ജു പി. ജോര്‍ജ് എന്നിവര്‍ നയിച്ച ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. 2,500 രൂപയോളം നിരക്ക് വരുന്ന പ്രമേഹ പരിശോധനകള്‍ 99 രൂപയ്ക്ക് നവംബര്‍ 30 വരെ ആശുപത്രിയില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – 99616 40000

 

Spread the love

മറുപടി രേഖപ്പെടുത്തുക