കൊച്ചി : മൈസൂരുവിലെ പമ്പിൽനിന്ന് ശേഖരിച്ച ഇ20 (E20) പെട്രോളിലെ എഥനോളിന്റെ അളവ് പരിധിയിൽ കൂടുതലാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ബിപിസിഎൽ ഉദ്യോഗസ്ഥർ പരിശോധനാ വേളയിലെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്നാണ് സാമ്പിളിൽ എഥനോളിന്റെ അളവ് കൂടുതലാണെന്ന വിമർശനങ്ങൾ ഉയർന്നത്.
ഇ20 പെട്രോളിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാനായി കർണാടകയിലെ വിവിധ എനർജി സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തിയിരുന്നു. 100 മില്ലിലിറ്റർ ഇ20 പെട്രോളിൽ 30 മില്ലിലിറ്റർ വെള്ളം ചേർത്താണ് എഥനോൾ വേർതിരിക്കുന്നത്. ഈ പ്രക്രിയയുടെ തുടക്കത്തിൽ മിശ്രിതം കലങ്ങിയതുപോലെയോ പാൽനിറത്തിലോ കാണപ്പെടുന്നത് സ്വാഭാവികമാണ്. എഥനോളും വെള്ളവും ചേർന്ന ഭാഗം പെട്രോളിൽ നിന്ന് പൂർണമായി രണ്ടായി പിരിയാൻ സമയമെടുക്കും. ഇങ്ങനെ വേർതിരിയുന്നതിന് മുൻപ് എടുത്ത ചിത്രമാണ് അബദ്ധത്തിൽ പോസ്റ്റ് ചെയ്തതെന്നും, അത് പരിശോധനയുടെ അന്തിമ ഫലമല്ലെന്നും ബിപിസിഎൽ അധികൃതർ വിശദീകരിച്ചു. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഉടൻ പോസ്റ്റ് നീക്കം ചെയ്തത്. പരിശോധനയുടെ അന്തിമ ഫലത്തിൽ സാമ്പിൾ നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തിയതായും, രാജ്യത്തുടനീളമുള്ള ബിപിസിഎൽ ഔട്ട്ലെറ്റുകളിൽ വിതരണം ചെയ്യുന്ന ഇ20 പെട്രോളിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (BIS) ഐഎസ് 17021 (IS 17021) ഗുണനിലവാരം ഉറപ്പാക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

