കൊച്ചി : പാലക്കാട് ഒറ്റപ്പാലം പി.കെ. ദാസ് ഹോസ്പിറ്റൽ സംഘടിപ്പിച്ച പി.കെ. ദാസ് മെഡിക്കോ ക്രിക്കറ്റ് ലീഗിൽ കൊച്ചി വി.പി.എസ് ലേക്ഷോർ ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ ടീമിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് വി.പി.എസ് ലേക്ഷോർ കിരീടം നേടിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മദർ കെയർ ടീം അഞ്ച് ഓവറിൽ 52 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ വി.പി.എസ് ലേക്ഷോർ 3.4 ഓവറിൽ 58 റൺസ് നേടി അനായാസ വിജയം സ്വന്തമാക്കി.
ഫൈനൽ മത്സരത്തിൽ വി.പി.എസ് ലേക്ഷോറിലെ അമീറും, പെരിന്തൽമണ്ണ കിംസ് അൽഷിഫയുമായി നടന്ന ആദ്യ മത്സരത്തിൽ ടി. അനിൽകുമാറും മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. വി.പി.എസ് ലേക്ഷോറിലെ തന്നെ മാനവാണ് ടൂർണമെന്റിലെ മികച്ച ബൗളർ. ആസ്റ്റർ മിംസ് കോട്ടക്കൽ, ആസ്റ്റർ മിംസ് കോഴിക്കോട്, പി.കെ. ദാസ് ഹോസ്പിറ്റൽ, കാരുണ്യ മെഡിക്കൽ കോളജ്, അൽഷിഫ ഹോസ്പിറ്റൽ, പാലക്കാട് ഗവ. മെഡിക്കൽ കോളജ് തുടങ്ങി സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളിൽ നിന്നുള്ള ടീമുകൾ ലീഗിൽ പങ്കെടുത്തു. സമാപന ചടങ്ങിൽ പി. മമ്മിക്കുട്ടി എം.എൽ.എ വിജയികൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.

