കൊച്ചി: കുടുംബാംഗങ്ങൾക്കൊപ്പം വളർത്തുനായകൾക്കും പൂച്ചകൾക്കും ഒരൊറ്റ പ്ലാനിലൂടെ ആരോഗ്യ പരിരക്ഷ നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സമഗ്ര ഹെൽത്ത് ഇൻഷുറൻസ് പോളിസിയായ ‘മൈ ഫാമിലി കംപ്ലീറ്റ്’ ബജാജ് ജനറൽ ഇൻഷുറൻസ് അവതരിപ്പിച്ചു. 5 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെയുള്ള ഇൻഷുറൻസ് തുകയും 5 വർഷം വരെയുള്ള പോളിസി കാലാവധിയും ഈ പദ്ധതിയിൽ ലഭ്യമാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഒപ്പം 3 മാസം പ്രായമുള്ള വളർത്തുമൃഗങ്ങൾക്കും ഉയർന്ന പ്രായപരിധിയില്ലാതെ തന്നെ ഈ പോളിസിയിലൂടെ പരിരക്ഷ ലഭിക്കും.
ആശുപത്രിവാസ ചെലവുകൾ, ആംബുലൻസ്, നൂതന ചികിത്സാരീതികൾ എന്നിവയ്ക്ക് പുറമെ വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ആനുകൂല്യങ്ങളും പ്ലാനിൽ ഒരുക്കിയിട്ടുണ്ട്. പെറ്റ് തേർഡ് പാർട്ടി ലയബിലിറ്റി, വളർത്തുമൃഗങ്ങളെ കാണാതായാൽ നൽകുന്ന പരസ്യച്ചെലവുകൾ, ഉടമകൾ ആശുപത്രിയിലായാൽ വളർത്തുമൃഗങ്ങൾക്കുള്ള അടിയന്തര താമസ സൗകര്യം, കുഞ്ഞുങ്ങൾ ജനിക്കുമ്പോഴോ വളർത്തുമൃഗങ്ങൾ പ്രസവിക്കുമ്പോഴോ ലഭിക്കുന്ന ‘ബണ്ടിൽ ഓഫ് ജോയ്’ ആനുകൂല്യം തുടങ്ങിയ ഒട്ടേറെ പ്രത്യേകതകൾ ഈ പോളിസിയുടെ ഭാഗമാണ്. ആധുനിക കുടുംബങ്ങളുടെ ജീവിതശൈലിയും വളർത്തുമൃഗങ്ങളോടുള്ള വൈകാരിക ബന്ധവും മുൻനിർത്തിയാണ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരേപോലെ പ്രയോജനപ്പെടുന്ന ഈ സമഗ്ര ഇൻഷുറൻസ് പരിഹാരം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ബജാജ് ജനറൽ ഇൻഷുറൻസ് അറിയിച്ചു.

