ആസ്റ്റർ മെഡ്‌സിറ്റിയിൽ ‘സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിൻ’ പ്രവർത്തനം ആരംഭിച്ചു

ആസ്റ്റർ മെഡ്‌സിറ്റിയിൽ 'സെന്റർ ഓഫ് എക്സലൻസ് ഇൻ ഫീറ്റൽ മെഡിസിനും' സൗജന്യ ഫീറ്റൽ സ്കാനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന 'ജനനീയം - സൗജന്യ ഫീറ്റൽ സ്കാൻ' പദ്ധതിയും ആരോഗ്യ, കുടുംബക്ഷേമ, വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഗര്‍ഭിണികള്‍ക്കായി സൗജന്യ ഫീറ്റല്‍ സ്‌കാന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘ജനനീയം – സൗജന്യ ഫീറ്റല്‍ സ്‌കാന്‍’ പദ്ധതിയും പ്രഖ്യാപിച്ചു

കൊച്ചി :ഗര്‍ഭസ്ഥ ശിശുക്കളുടെ ആരോഗ്യ സംരക്ഷണത്തിനും ചികിത്സയ്ക്കുമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജമാക്കിയ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഫീറ്റല്‍ മെഡിസിന്‍’ ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന ഗര്‍ഭിണികള്‍ക്ക് അത്യന്താപേക്ഷിതമായ ഫീറ്റല്‍ സ്‌കാനിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ‘ജനനീയം – സൗജന്യ ഫീറ്റല്‍ സ്‌കാന്‍’ പദ്ധതിയുടെ ഡിജിറ്റല്‍ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. വിപുലമായ പ്രസവപൂര്‍വ്വ രോഗനിര്‍ണയം, ഗര്‍ഭസ്ഥ ശിശുക്കളുടെ നിരീക്ഷണം, അമ്മയ്ക്കും കുഞ്ഞിനും വിദഗ്ദ്ധ പരിചരണം എന്നിവ ഉറപ്പാക്കുന്നതാണ് ആസ്റ്ററിലെ പുതിയ കേന്ദ്രം.
‘സ്വകാര്യ ആശുപത്രികളില്‍ വിജയകരമായി നടക്കുന്ന നല്ല പദ്ധതികള്‍ സര്‍ക്കാര്‍ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കും. ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഫീറ്റല്‍ മെഡിസിനില്‍ തുടക്കം കുറിച്ച ‘ജനനീയം’ പദ്ധതി അത്തരത്തില്‍ ഒന്നാണ്. ഭാവിയില്‍, അമ്മമാര്‍ക്ക് ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാനുള്ള അവസരം ഒരുക്കുന്നതിലൂടെ ആരോഗ്യ രംഗത്ത് വലിയൊരു നേട്ടമാണ് കൈവരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തൃശൂരില്‍ അച്ഛന്‍ വിഷം നല്‍കിയ കുട്ടിയുടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ ആസ്റ്റര്‍ മെഡ്സിറ്റിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.ചടങ്ങില്‍ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് ഇന്ത്യ-1 ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്. രമേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.

‘ജനനീയം’ പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് ദിവസേന അഞ്ച് സൗജന്യ സ്‌കാനിംഗുകള്‍ ലഭ്യമാക്കും. അനോമലി സ്‌കാന്‍, 3ഡി/4ഡി ഫീറ്റല്‍ വിലയിരുത്തല്‍, ഫീറ്റല്‍ എക്കോകാര്‍ഡിയോഗ്രാഫി, ഫീറ്റല്‍ ന്യൂറോസണോഗ്രാം എന്നിവ ഉള്‍പ്പെടെയുള്ള പരിശോധനകളും, രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം ആവശ്യമായി വരുന്ന കേസുകളും പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് ആസ്റ്റര്‍ അധികൃതര്‍ വ്‌യക്തമാക്കി.

ഗര്‍ഭകാലത്തുടനീളം അമ്മമാര്‍ക്ക് കൃത്യമായ രോഗനിര്‍ണയവും സമയബന്ധിതമായ ചികിത്സയും അനുകമ്പയോടെയുള്ള പിന്തുണയും ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റും പ്രോഗ്രാം ഡയറക്ടറുമായ ഡോ. ബിജോയ് കെ. ബാലകൃഷ്ണന്‍ പറഞ്ഞു.

സാധാരണമോ, സങ്കീര്‍ണ്ണമോ ആയ ഗര്‍ഭധാരികളെ വ്യക്തിഗത പരിചരണം ഉറപ്പാക്കാന്‍ ഫീറ്റല്‍ മെഡിസിന്‍ വിദഗ്ദ്ധര്‍, പ്രസവചികിത്സാ വിദഗ്ധര്‍, നിയോനാറ്റോളജിസ്റ്റുകള്‍, ജനിതക വിദഗ്ദ്ധര്‍, പീഡിയാട്രിക് സബ്സ്‌പെഷ്യലിസ്റ്റുകള്‍ എന്നിവര്‍ ഈ പുതിയ കേന്ദ്രത്തിന് കീഴില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ സെന്‍ട്രല്‍ കേരള റീജിയണല്‍ സിഇഒ ഡോ. നളന്ദ ജയദേവ്, ആസ്റ്റര്‍ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദര്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. ടി. ആര്‍. ജോണ്‍, ഫീറ്റല്‍ മെഡിസിന്‍ സര്‍വീസ് ലൈന്‍ മാനേജര്‍ ജെഫി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു