കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി സ്ഥാപനമായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐഎച്ച്സിഎൽ) പാഥ്യ പദ്ധതിയുടെ ഭാഗമായി ‘ഭാരത് ഏക് സാത്ത്’ വാക്കത്തോണിന്റെ കൊച്ചി പതിപ്പ് സംഘടിപ്പിച്ചു. ഉത്തരവാദിത്ത ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പരിപാടി നടന്നത്.
എറണാകുളം മറൈൻ ഡ്രൈവിലെ വിവാന്തയെ കേന്ദ്രമാക്കി സംഘടിപ്പിച്ച 3 കിലോമീറ്റർ വാക്കത്തോണിൽ ഐഎച്ച്സിഎൽ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും പങ്കാളികളായി. വിവിധ രാജ്യങ്ങളിലായി ഒരേസമയം നടക്കുന്ന ഈ കൂട്ടനടപ്പ് പാഥ്യയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമാണ്.
കൊച്ചിയിലെ വിവിധ താജ്, വിവാന്ത, ജിഞ്ചർ ഹോട്ടലുകളിലെ ജീവനക്കാരാണ് പരിപാടിയിൽ പങ്കെടുത്തത്. കേന്ദ്ര ടൂറിസം മന്ത്രാലയ റീജിയണൽ ഡയറക്ടർ വെങ്കിടേശൻ ദത്താരേയനും എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയും ചേർന്ന് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

