സങ്കീര്‍ണ്ണമായ ശ്വസനരോഗങ്ങള്‍; ശ്രദ്ധേയമായി കോംപ്ലെക്‌സ് എയര്‍വേ സിംപോസിയം

വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ബ്രോങ്കോസ്‌കോപ്പിയിലും മറ്റ് അത്യാധുനിക എയര്‍വേ മാനേജ്‌മെന്റ് ഉപകരണങ്ങളിലും ഡോക്ടര്‍മാര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്ന സിമുലേഷന്‍ സെഷനുകളും സംഘടിപ്പിച്ചു.

കൊച്ചി: ശ്വാസനാള സംബന്ധമായ രോഗങ്ങളുടെ നവീന ചികിത്സാരീതികള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്ത്യയില്‍ ആദ്യമായി അമൃത ആശുപത്രിയില്‍ സംഘടിപ്പിച്ച അമൃത കോംപ്ലെക്‌സ് എയര്‍വേ സിംപോസിയം  ശ്രദ്ധേയമായി. വിവിധ സ്‌പെഷ്യാലിറ്റികളിലെ പ്രമുഖ വിദഗ്ധര്‍ പങ്കെടുത്ത സമ്മേളനത്തില്‍ സങ്കീര്‍ണ്ണ എയര്‍വേ രോഗങ്ങളുടെ മാനേജ്‌മെന്റിനെക്കുറിച്ചുള്ള പുതിയ സമീപനങ്ങള്‍ ചര്‍ച്ചയായി. ശ്വാസനാളത്തിലുണ്ടാകുന്ന തടസ്സങ്ങള്‍, എക്‌മോയുടെ സഹായത്തോടെയുള്ള ശ്വസനപ്രക്രിയ, നവജാതശിശുക്കളിലെ ശ്വാസനാളിയിലെ വൈകല്യങ്ങള്‍ തുടങ്ങിയ അതീവ ഗുരുതരമായ സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിലൂന്നിയായിരുന്നു സിംപോസിയം സംഘടിപ്പിച്ചത്. ഓക്‌സിജനേഷന്‍, വെന്റിലേഷന്‍, അനസ്തീഷ്യ എന്നീ മേഖലകളില്‍ സുരക്ഷിതവും പ്രായോഗികവുമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ വിദഗ്ധര്‍ പങ്കുവെച്ചു. ത്രീഡി പ്രിന്റിംഗ്, വെര്‍ച്വല്‍ റിയാലിറ്റി വെര്‍ച്വല്‍ ബ്രോങ്കോസ്‌കോപ്പി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ശ്വാസനാളത്തിലെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കുന്ന രീതിയും സിമ്പോസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതിനുപുറമെ, വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ ബ്രോങ്കോസ്‌കോപ്പിയിലും മറ്റ് അത്യാധുനിക എയര്‍വേ മാനേജ്‌മെന്റ് ഉപകരണങ്ങളിലും ഡോക്ടര്‍മാര്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്ന സിമുലേഷന്‍ സെഷനുകളും സംഘടിപ്പിച്ചു. സങ്കീര്‍ണ്ണമായ ശ്വസന പ്രശ്‌നങ്ങളുള്ള രോഗികള്‍ക്ക് ശസ്ത്രക്രിയയ്ക്കിടയിലും അല്ലാതെയും എങ്ങനെ സുരക്ഷിതമായി ഓക്‌സിജനും അനസ്‌തേഷ്യയും നല്‍കാം എന്നതിനെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗരേഖകള്‍ സിംപോസിയം മുന്നോട്ടുവെച്ചു. അക്കാദമിക് രംഗത്തെ മികച്ച നിലവാരവും നൂതനമായ ചികിത്സാ രീതികളും പരിഗണിച്ച് കേരള സ്‌റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ ഈ സിമ്പോസിയത്തിന് രണ്ട് ക്രെഡിറ്റ് പോയിന്റുകള്‍ അനുവദിച്ചു. ശ്വാസനാള ചികിത്സാ രംഗത്ത് ആധുനിക അറിവുകളും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ സംരംഭം വലിയൊരു ചുവടുവെപ്പാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അമൃത ആശുപത്രി അഡീഷണല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ.വി.ബീന, കാര്‍ഡിയാക് അനസ്തീഷ്യ വിഭാഗം മേധാവി ഡോ. തുഷാര മഠത്തില്‍, പീഡിയാട്രിക് കാര്‍ഡിയാക് അനസ്തീഷ്യ സ്‌പെഷ്യലിസ്റ്റ് ഡോ. ശ്രീലക്ഷ്മി, പ്രശസ്ത സീനിയര്‍ കാര്‍ഡിയാക് അനസ്തീഷ്യോളജിസ്റ്റും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ തോരാസിക് അനസ്തീഷ്യോളജിസ്റ്റ്‌സ് മുന്‍ പ്രസിഡന്റും അന്നല്‍സ് ഓഫ് കാര്‍ഡിയാക് അനസ്തീഷ്യ മുന്‍ എഡിറ്റര്‍ഇന്‍ചീഫുമായ ഡോ. പ്രവീണ്‍ കുമാര്‍ നീമ, സീനിയര്‍ പീഡിയാട്രിക് കാര്‍ഡിയാക് അനസ്തീഷ്യോളജിസ്റ്റും നിരവധി യുവ ഡോക്ടര്‍മാരുടെ മെന്ററുമായ ഡോ.ബി.രാഖി , സീനിയര്‍ ഡിഫിക്കല്‍ട്ട് എയര്‍വേ സ്‌പെഷ്യലിസ്റ്റ് ഡോ. ജെറി പോള്‍, സോളിഡ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് അനസ്തീഷ്യോളജിസ്റ്റ് ഡോ. രേഖ എന്നിവര്‍ പങ്കെടുത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു