കൊച്ചി : മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും അടുത്ത 20-30 വർഷത്തേക്കുള്ള ദീർഘകാല തന്ത്രപരമായ ദർശനത്തോടെ പ്രവർത്തിക്കാനും കരസേനാ കമാൻഡർമാരോട് കേന്ദ്ര പ്രതിരോധ മന്ത്രി (രക്ഷാ മന്ത്രി) രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച ആർമി കമാൻഡേഴ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് നവീകരണ ചിന്തകൾ, ആധുനിക ആയുധങ്ങൾ, മികച്ച ഏകോപനം എന്നിവ സംയോജിപ്പിച്ച് നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഇന്ത്യ ഏതറ്റവും വരെ പോകുമെന്ന വ്യക്തമായ സന്ദേശമാണ് ഈ ഓപ്പറേഷൻ നൽകിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വയം നിയന്ത്രിത സംവിധാനങ്ങൾ (Autonomous Systems), ഡാറ്റാ അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നിവയിൽ സൈന്യത്തിന്റെ ശേഷി ഇനിയും വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഡിഫൻസ് മാനുഫാക്ചറിംഗ് രംഗത്ത് രാജ്യം കൈവരിച്ച തദ്ദേശീയ മുന്നേറ്റങ്ങളെ അദ്ദേഹം പ്രശംസിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം റെക്കോർഡ് തുകയായ ₹1.78 ലക്ഷം കോടിയായും പ്രതിരോധ കയറ്റുമതി ₹38,000 കോടിയായും ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി.
ചടങ്ങിൽ കരസേനയുടെ ഭാവി പ്രവർത്തനങ്ങൾക്കും സുരക്ഷാ സജ്ജീകരണങ്ങൾക്കുമായി തയാറാക്കിയ ‘ലാൻഡ് വാർഫെയർ ഡോക്ട്രിൻ’ (Land Warfare Doctrine) രാജ്നാഥ് സിംഗ് പ്രകാശനം ചെയ്തു. യു.എൻ സമാധാന ദൗത്യങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ച സൈനികരെ ചടങ്ങിൽ ആദരിച്ചു. പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത്, സംയുക്ത സൈനിക മേധാവി (CDS) ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി, കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

