ന്യൂഡൽഹി: അടുത്ത 10 വർഷത്തേക്കുള്ള ഇന്ത്യയുടെ ആഗോള പ്രതിരോധ പങ്കാളിത്തത്തിന്റെ തന്ത്രപ്രധാനമായ മാർഗ്ഗരേഖയും വീക്ഷണവും വ്യക്തമാക്കുന്ന ‘രക്ഷ’ (RAKSHA) പ്രതിരോധ നയതന്ത്ര രേഖ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് 2026 സെപ്റ്റംബർ 3-ന് ന്യൂഡൽഹിയിൽ പുറത്തിറക്കി. ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെ ആഗോള സഹകരണവുമായി സംയോജിപ്പിച്ച്, അന്താരാഷ്ട്ര തലത്തിൽ ദീർഘകാല സ്ഥിരതയും പരസ്പര വളർച്ചയും ഉറപ്പാക്കുന്ന രീതിയിലാണ് ഈ നയരേഖ തയ്യാറാക്കിയിരിക്കുന്നത്. സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി-ബഹുമുഖ സുരക്ഷാ സഹകരണം ശക്തിപ്പെടുത്തൽ, സംയുക്ത സൈനിക അഭ്യാസങ്ങളും പരിശീലന പരിപാടികളും വിപുലീകരിക്കൽ, മേയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിച്ച് ഇന്ത്യയെ ആഗോള പ്രതിരോധ നിർമ്മാണ കേന്ദ്രമാക്കൽ, ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ‘നെറ്റ് സെക്യൂരിറ്റി പ്രൊവൈഡർ’, ‘ഫസ്റ്റ് റെസ്പോണ്ടർ’ എന്നീ നിലകളിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തമാക്കൽ എന്നിവയാണ് ഈ തന്ത്രപ്രധാന മാർഗ്ഗരേഖയുടെ പ്രധാന ലക്ഷ്യങ്ങൾ. കരസേനാ മേധാവി ജനറൽ ധീരജ് സേഥ്, പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്, പ്രതിരോധ ഉൽപ്പാദന സെക്രട്ടറി സഞ്ജീവ് കുമാർ, വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (ഈസ്റ്റ്) രുദ്രേന്ദ്ര ടാണ്ടൻ, വ്യോമസേനാ ഉപമേധാവി എയർ മാർഷൽ അശുതോഷ് ദീക്ഷിത്, നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ അജയ് കൊച്ചാർ, സി.ഐ.എസ്.സി എയർ മാർഷൽ തേജീന്ദർ സിംഗ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

