ന്യൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമസേന പ്രദർശനമായ ‘ഏറോ ഇന്ത്യ’യുടെ 16-ാമത് പതിപ്പ് 2027 ഫെബ്രുവരി 8 മുതൽ 12 വരെ കർണാടകയിലെ ബെംഗളൂരു എയർ ഫോഴ്സ് സ്റ്റേഷൻ യെലഹങ്കയിൽ വച്ച് നടക്കും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര പ്രദർശനത്തിൽ പ്രമുഖ ആഗോള എയറോസ്പേസ്-പ്രതിരോധ കമ്പനികൾ, സാങ്കേതിക വിദഗ്ദ്ധർ, നവസംരംഭകർ, സൈനിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ‘ആത്മനിർഭർ ഭാരത്’ ലക്ഷ്യങ്ങൾക്ക് വേഗം കൂട്ടാനും ഇന്ത്യൻ പ്രതിരോധ നിർമ്മാണ ശേഷി ആഗോളതലത്തിൽ ഉയർത്തിക്കാട്ടാനും ഈ പ്രദർശനം സഹായകരമാകും.
അഞ്ചുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ വ്യവസായ സംഗമങ്ങൾ, സാങ്കേതിക വിദ്യകളുടെ പ്രദർശനം, ഇന്ത്യൻ വ്യോമസേനയുടെയും അന്താരാഷ്ട്ര സംഘങ്ങളുടെയും വ്യോമാഭ്യാസ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടും. ഏറോ ഇന്ത്യ 2027-ൽ പങ്കെടുക്കാനും സ്റ്റാളുകൾ ബുക്ക് ചെയ്യാനുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ www.aeroindia.gov.in എന്ന പോർട്ടലിലൂടെ 2026 സെപ്റ്റംബർ 3 മുതൽ ആരംഭിച്ചു. ഇന്ത്യൻ എം.എസ്.എം.ഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും ആഗോള വിപണി കണ്ടെത്താനും വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും ഈ പതിപ്പ് വലിയ അവസരമൊരുക്കും.

