ഡോ. ഷംഷീര്‍ വയലില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം എക്സിക്യൂട്ടീവ് ബോര്‍ഡില്‍

കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ (World Economic Forum) ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്‌ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്‌സിക്യൂട്ടീവ് ബോർഡിലേക്ക് പ്രമുഖ വ്യവസായിയും ലേക്‌ഷോർ ഹോസ്പിറ്റൽ ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ നിയമിതനായി. മിഡിൽ ഈസ്റ്റിലെ മുൻനിര ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമായ അദ്ദേഹത്തിന്റെ ആരോഗ്യമേഖലയിലെ അനുഭവസമ്പത്തും സംഭാവനകളും പരിഗണിച്ചാണ് ഈ ആഗോള നിയമനം.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയറിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ബോർഡ്, നിർമ്മിത ബുദ്ധി (AI), ഡിജിറ്റൽ സാങ്കേതികവിദ്യ, ഹെൽത്ത് ഡാറ്റ എന്നിവ ഉപയോഗിച്ച് ആരോഗ്യമേഖലയിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്ന ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ്.

ആഗോളതലത്തിലെ പ്രമുഖ സിഇഒമാർ, മന്ത്രിമാർ, അന്താരാഷ്ട്ര വിദഗ്ദ്ധർ എന്നിവരടങ്ങുന്ന സമിതിയിലാണ് ഡോ. ഷംഷീർ അംഗമാകുന്നത്. മയോ ക്ലിനിക് സിഇഒ ജിയാൻറിക്കോ ഫാറൂജിയ, മെഡ്‌ട്രോണിക് സിഇഒ ജിയോഫ് മാർത്ത, ഫിലിപ്സ് സിഇഒ റോയ് ജാക്കബ്സ്, സൗദി ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജൽ, അപ്പോളോ ഹോസ്പിറ്റൽസ് എംഡി സുനീത റെഡ്ഡി തുടങ്ങിയ പ്രമുഖരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.

ഡിജിറ്റൽ സാങ്കേതികവിദ്യകളും എഐയും രോഗീകേന്ദ്രീകൃത പരിചരണത്തിനായി പ്രയോജനപ്പെടുത്തുന്നതിൽ അന്താരാഷ്ട്ര നേതാക്കൾക്കൊപ്പം പങ്കാളിയാകാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി. സാങ്കേതിക മുന്നേറ്റവും ആരോഗ്യരംഗത്തെ അനുഭവസമ്പത്തും കൈമുതലായുള്ള ഡോ. ഷംഷീറിന്റെ ബോർഡിലെ സാന്നിധ്യം ആഗോള ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾക്ക് വലിയ കരുത്താകുമെന്ന് ഡബ്ല്യുഇഎഫ് സെന്റർ ഫോർ ഹെൽത്ത് മേധാവി ഡോ. ശ്യാം ബിഷെൻ കൂട്ടിച്ചേർത്തു.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു