യുവതിയുടെ നട്ടെല്ലിൽ കുടുങ്ങിയ ഗ്ലാസ് കഷ്ണങ്ങൾ പുറത്തെടുത്ത് വി.പി.എസ് ലേക്‌ഷോർ

സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

കൊച്ചി: നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ, കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയായ എസ്.ബി. മനുവിന് (44) ആശ്വാസമേകി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ. യുവതിയുടെ നട്ടെല്ലിന് സമീപം കുടുങ്ങിക്കിടന്ന മൂന്ന് സെന്റീമീറ്ററോളം വലിപ്പമുള്ള ഗ്ലാസ് കഷ്ണങ്ങൾ വിദഗ്ധ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. സ്പൈൻ ആൻഡ് സ്കോളിയോസിസ് സർജറി വിഭാഗം ഡയറക്ടർ ഡോ. ആർ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

12 വർഷങ്ങൾക്ക് മുൻപ് എട്ട് മാസം ഗർഭിണിയായിരിക്കെ ഗ്ലാസ് ടീപ്പോയിലേക്ക് വീണാണ് മനുവിന് പരിക്കേറ്റത്. അന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും നട്ടെല്ലിന് സമീപം കുടുങ്ങിയ ചില ഗ്ലാസ് കഷ്ണങ്ങൾ കണ്ടെത്തിയിരുന്നില്ല. തുടർന്ന് വർഷങ്ങളോളം കടുത്ത നടുവേദനയും ഉറക്കമില്ലായ്മയും അനുഭവിച്ച മനുവിന് ജോലി ചെയ്യാനോ ദിനചര്യകൾ പൂർത്തിയാക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു. നിരവധി ആശുപത്രികൾ കയറിയിറങ്ങിയെങ്കിലും കൃത്യമായ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

അടുത്തിടെ നടത്തിയ വിദഗ്ധ പരിശോധനകൾക്ക് ശേഷം വി.പി.എസ് ലേക്‌ഷോറിലെത്തിച്ച് ത്രിഡി സി.ടി സ്‌കാൻ ചെയ്തപ്പോഴാണ് നട്ടെല്ലിന് സമീപം ഗ്ലാസ് കഷ്ണങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായത്. ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ റേഡിയോളജി, അനസ്തേഷ്യോളജി വിഭാഗങ്ങളിലെ വിദഗ്ധരടങ്ങിയ സംഘം നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഗ്ലാസ് കഷ്ണങ്ങൾ വിജയകരമായി നീക്കം ചെയ്തത്. വർഷങ്ങൾ നീണ്ട നിരാശയ്ക്കും അസഹനീയമായ വേദനയ്ക്കും ഒടുവിൽ പരിഹാരം കണ്ടതിന്റെ ആശ്വാസത്തിലാണ് മനുവും കുടുംബവും.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു