കാര്‍ബണ്‍ വിമുക്തമായ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളില്‍ കൊച്ചി നഗരസഭ നടപ്പിലാക്കുന്ന മികച്ച മാതൃകകള്‍ മേയര്‍ ഫോറത്തില്‍ പങ്കുവെച്ചു.
കൊച്ചി/യോസു: നഗരങ്ങളുടെ സുസ്ഥിര വികസനത്തിന് പ്രാദേശികമായ ഹരിത പരിവര്‍ത്തനം അനിവാര്യമാണെന്ന് കൊച്ചി മേയര്‍ അഡ്വ. വി. കെ മിനിമോള്‍ റിപ്പബ്ലിക് ഓഫ് കൊറിയയിലെ യോസു നഗരത്തില്‍ സംഘടിപ്പിച്ച ‘വേള്‍ഡ് ക്ലൈമറ്റ് സിറ്റീസ് ഫോറം 2026’ അന്താരാഷ്ട്ര ഫോറത്തില്‍ കൊച്ചി നഗരസഭയെ പ്രതിനിധീകരിച്ച് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു മേയര്‍. ‘കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള ഹരിത പരിവര്‍ത്തനം എന്ന ലക്ഷ്യം നാം മുന്‍നിര്‍ത്തേണ്ടതുണ്ട്. ഹരിത പരിവര്‍ത്തനത്തിനായുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ പൊതുനയം, സ്വകാര്യ മേഖലയുടെ പങ്കാളിത്തം, സിവില്‍ സമൂഹത്തിന്റെ സജീവ ഇടപെടല്‍ എന്നിവയുടെ സംയോജനം അത്യന്താപേക്ഷിതമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ആഗോള കാലാവസ്ഥാ അജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് കൊച്ചിയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നുവെന്നും മേയര്‍ പറഞ്ഞു. കാര്‍ബണ്‍ വിമുക്തമായ ഭാവിയിലേക്കുള്ള ചുവടുവെപ്പുകളില്‍ കൊച്ചി നഗരസഭ നടപ്പിലാക്കുന്ന മികച്ച മാതൃകകള്‍ മേയര്‍ ഫോറത്തില്‍ പങ്കുവെച്ചു. വിദേശ രാജ്യങ്ങളിലെ നഗരങ്ങളിലെ ഭരണാധികാരികളുമായും അന്താരാഷ്ട്ര വിദഗ്ധരുമായും കാലാവസ്ഥാ അതിജീവന പദ്ധതികളെക്കുറിച്ച് മേയര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. യോസു നഗരസഭ, ഇക്ലെ കൊറിയ എന്നിവര്‍ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇക്ലെ സൗത്ത് ഏഷ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മേയര്‍ സമ്മേളനത്തില്‍ പങ്കെടുത്തത്.

