ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍-വിദ്യാഭ്യാസ രംഗത്ത് വലിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നതാണ് ഈ പുതിയ നീക്കം
കൊച്ചി: ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കിക്കൊണ്ട്, ഇന്ത്യയുടെ ഡിജിലോക്കര്‍ യുഎഇ പ്ലാറ്റ്ഫോമുമായി സംയോജിപ്പിക്കാന്‍ തീരുമാനം. ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-യുഎഇ സംയുക്ത കോണ്‍സുലര്‍കാര്യ സമിതിയുടെ (ജെസിസിഎ) ഏഴാമത് ഉന്നതതല യോഗത്തിലാണ് ഈ പ്രഖ്യാപനമുണ്ടായത്.
വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ശ്രീപ്രിയ രംഗനാഥനും യുഎഇ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി എച്ച്.ഇ. ഒമര്‍ ഒബൈദ് മുഹമ്മദ് അല്‍ഹസന്‍ അല്‍ഷംസിയും യോഗത്തില്‍ പങ്കെടുത്തു.

ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും യുവാക്കള്‍ക്കും തൊഴില്‍-വിദ്യാഭ്യാസ രംഗത്ത് വലിയ അവസരങ്ങള്‍ തുറന്നുനല്‍കുന്നതാണ് ഈ പുതിയ നീക്കം.
ഡിജിലോക്കര്‍ യുഎഇ പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇന്ത്യന്‍ അക്കാദമിക് ബിരുദങ്ങളും മറ്റ് പ്രധാന രേഖകളും ഡിജിറ്റലായി പരിശോധിക്കാന്‍ സാധിക്കും. ഇതുവഴി യുഎഇയില്‍ തൊഴില്‍ തേടുന്ന ഇന്ത്യന്‍ യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ ഭൗതിക പരിശോധനയ്ക്കുള്ള സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാം. തൊഴില്‍ ലഭ്യതയും കരിയര്‍ പുരോഗതിയും കൂടുതല്‍ വേഗത്തിലും സുഗമമായും സാധ്യമാക്കാന്‍ ഈ ഡിജിറ്റല്‍ സംവിധാനം സഹായിക്കും.
യുഎഇയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും ക്ഷേമം ഉറപ്പാക്കുന്നതില്‍ ഈ തീരുമാനം നിര്‍ണായക നാഴികക്കല്ലാകും. ഇന്ത്യന്‍ മനുഷ്യവിഭവശേഷിയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര-വ്യവസായ, വിദ്യാഭ്യാസ സഹകരണത്തിന് പുതിയ ഉണര്‍വ് നല്‍കാന്‍ ഈ സംരംഭത്തിന് സാധിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

