ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ

കോഴിക്കോട് : രണ്ടര വയസ്സിന്റെ പ്രായത്തിൽ തന്നെ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടി കോഴിക്കോട് സ്വദേശിനിയായ കൊച്ചുമിടുക്കി ലക്ഷ്മി കൃഷ്ണ യഷ്വാൻ. 33 നിലകളിലായി വ്യാപിച്ചുകിടക്കുന്ന 625 പടികൾ വെറും 14 മിനിറ്റ് 7 സെക്കൻഡിൽ ഇടവേളയില്ലാതെ നടന്നുകയറിയാണ് പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ പ്രീ-കെജി വിദ്യാർഥിനിയായ ലക്ഷ്മി അപൂർവ നേട്ടം സ്വന്തമാക്കിയത്.

2 വയസും 6 മാസവും 6 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ലക്ഷ്മി ഹൈലൈറ്റ് ഒളിമ്പസ് ടവറിലെ മുഴുവൻ പടികളും നിർത്താതെ കയറിയത്. ഇതോടെ ചെന്നൈ സ്വദേശിയായ ഒരു കുട്ടി നേരത്തെ സ്ഥാപിച്ച 362 പടികൾ കയറിയെന്ന റെക്കോർഡാണ് ലക്ഷ്മി മറികടന്നത്. പ്രായം കണക്കിലെടുത്തും ദീർഘദൂര സ്റ്റെയർ ക്ലൈംബിംഗ് പൂർത്തിയാക്കിയ രീതിയിലും ശ്രദ്ധേയമായ നേട്ടമാണ് ലക്ഷ്മിയുടേത്.

കോഴിക്കോട് വെള്ളിപ്പറമ്പ് കീഴ്മാട് സ്വദേശികളായ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ കായികാധ്യാപകനും ആക്ടിവിറ്റീസ് ഹെഡുമായ ഹരികൃഷ്ണൻ പി. കെ.യുടെയും ടാറ്റൂ ആർട്ടിസ്റ്റായ ആരതി എം. ആറിന്റെയും ഇളയ മകളാണ് ലക്ഷ്മി കൃഷ്ണ യഷ്വാൻ. ചെറുപ്രായത്തിൽ തന്നെ ശാരീരികക്ഷമതയിലും സഹനശേഷിയിലും പ്രകടിപ്പിച്ച മികവാണ് ഈ റെക്കോർഡ് നേട്ടത്തിലേക്ക് ലക്ഷ്മിയെ എത്തിച്ചത്.

ലക്ഷ്മിയുടെ സഹോദരൻ ശിവ കൃഷ്ണ യഷ്വാൻ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ ഗ്രേഡ് 1 വിദ്യാർഥിയാണ്. കുടുംബത്തിനും സ്കൂളിനും അഭിമാനമായി മാറിയ ലക്ഷ്മിയുടെ റെക്കോർഡ് നേട്ടം ചെറുപ്രായത്തിലെ കുട്ടികളുടെ ആത്മവിശ്വാസത്തിന്റെയും ശാരീരികക്ഷമതയുടെയും സാധ്യതകൾക്ക് മികച്ച ഉദാഹരണമായി മാറുകയാണ്

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു