കേരളത്തിന്റെ സാംസ്കാരിക പ്രതിരോധം മലയാളഭാഷ: എൻ. എസ്. മാധവൻ

സമകാലിക കലയോടൊപ്പം സംസ്കാരം, ചരിത്രം, സമൂഹം എന്നിവയെക്കുറിച്ച് വിശകലനം ചെയ്യുന്ന ബിനാലെയുടെ വിപുലമായ സംവാദ പരിപാടികളുടെ ഭാഗമായാണ് ഈ ചർച്ച സംഘടിപ്പിച്ചത്.

കൊച്ചി: സംസ്ഥാനത്തെ ഏകദേശം 98 ശതമാനം ആളുകളും ആശയവിനിമയത്തിനായി മലയാളം ഉപയോഗിക്കുന്നത് ഒരു സാംസ്കാരിക പ്രതിരോധം സൃഷ്ടിക്കുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി സംഘടിപ്പിച്ച ‘കേരളം, കേരള, കേരളം’ എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ചരിത്രപരമായ പരിണാമം, ഭാഷയുടെ പങ്ക്, പ്രാചീന വ്യാപാര ശൃംഖലകൾ എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. മലയാളം കേരളത്തിന്റെ സ്വത്വ രൂപീകരണത്തിൽ ഏകീകരണ ശക്തിയായി പ്രവർത്തിച്ചുവെന്ന് മാധവൻ ചൂണ്ടിക്കാട്ടി. പോർച്ചുഗീസ്, അറബിക്, സംസ്കൃതം തുടങ്ങിയ ഭാഷകളിൽ നിന്നുള്ള സ്വാധീനങ്ങൾ ഉൾക്കൊണ്ടാണ് മലയാളം നൂറ്റാണ്ടുകളിലൂടെ വികസിച്ചതെന്നും, നിയമ-ഭരണ പദാവലികളിൽ ഗണ്യമായ പങ്ക് അറബിയിൽ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഡോ. സുനിൽ പി. ഇളയിടം കേരളത്തിന്റെ വിദേശ രാജ്യങ്ങളുമായുള്ള ദീർഘകാല വ്യാപാര-സാംസ്കാരിക ബന്ധങ്ങൾ ബഹുസ്വര സമൂഹത്തിന്റെ രൂപീകരണത്തിന് സഹായിച്ചുവെന്ന് അഭിപ്രായപ്പെട്ടു. സാമൂഹിക സൂചികകളിൽ മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും കുടുംബ ഘടന, ജാതി വ്യവസ്ഥ, മത വിഭജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മനോഭാവങ്ങൾ ചില വിഭാഗങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം പ്രതിസന്ധികളിലും വിവാദങ്ങളിലും കേരളം ഐക്യം പ്രകടിപ്പിക്കുന്നതായി, കേരള സ്റ്റോറിക്കെതിരായ പ്രതിഷേധം ഉദാഹരണമായി അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ശാസ്ത്രജ്ഞൻ പി.കെ. മൈക്കൽ തരകൻകേരളത്തിന്റെ ആഗോള വ്യാപാര ശൃംഖലകളിലെ ചരിത്രപരമായ സ്ഥാനത്തെ കുറിച്ച് സംസാരിച്ചു. അന്താരാഷ്ട്ര സമുദ്ര പാതകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്തതിനാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരകേന്ദ്രമായി കേരളം വളർന്നു വന്നതായും, തുറമുഖങ്ങളിലൂടെ വളർന്ന വാണിജ്യം ബഹുസാംസ്കാരിക സമൂഹങ്ങളുടെ രൂപീകരണത്തിന് വഴിവെച്ചതായും അദ്ദേഹം വ്യക്തമാക്കി.

സമകാലിക കലയോടൊപ്പം സംസ്കാരം, ചരിത്രം, സമൂഹം എന്നിവയെക്കുറിച്ച് വിശകലനം ചെയ്യുന്ന ബിനാലെയുടെ വിപുലമായ സംവാദ പരിപാടികളുടെ ഭാഗമായാണ് ഈ ചർച്ച സംഘടിപ്പിച്ചത്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു