കോട്ടയം സ്വദേശി തോംസൺ ടോമും തൃശൂർ സ്വദേശി ശ്യാം പ്രദീപ് ആലിലും ചേർന്ന് 2018-ൽ സ്ഥാപിച്ച ഇൻഫ്യൂസറി, സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി വികസിപ്പിച്ച അത്യാധുനിക ഇമ്മേഴ്‌സീവ് ലേണിങ് പ്ലാറ്റ്‌ഫോമായ ‘ട്യൂട്ടർ എക്സ് ആർ’ വഴിയാണ് പുതിയ ലേണിങ് ലാബ് ഒരുക്കിയത്
കൊച്ചി: മധ്യപ്രദേശിലെ റേവയിലുള്ള ജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ രാജ്യത്തെ ആദ്യത്തെ മിക്സഡ് റിയാലിറ്റി മൾട്ടിപ്ലെയർ ലേണിങ് ലാബ് സ്ഥാപിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) പിന്തുണയുള്ള മലയാളി സ്റ്റാർട്ടപ്പ് ഇൻഫ്യൂസറി ഫ്യൂച്ചർ ടെക് ലാബ്സ്. കോട്ടയം സ്വദേശി തോംസൺ ടോമും തൃശൂർ സ്വദേശി ശ്യാം പ്രദീപ് ആലിലും ചേർന്ന് 2018-ൽ സ്ഥാപിച്ച ഇൻഫ്യൂസറി, സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി വികസിപ്പിച്ച അത്യാധുനിക ഇമ്മേഴ്‌സീവ് ലേണിങ് പ്ലാറ്റ്‌ഫോമായ ‘ട്യൂട്ടർ എക്സ് ആർ’ വഴിയാണ് പുതിയ ലേണിങ് ലാബ് ഒരുക്കിയത്. 1,000 ചതുരശ്ര അടി വിസ്തൃതിയിൽ സജ്ജീകരിച്ച ലാബിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ തന്നെ ത്രിമാന ഡിജിറ്റൽ മാതൃകകളുമായി നേരിട്ട് ഇടപഴകി പഠിക്കാൻ സാധിക്കും. പരമ്പരാഗത വെർച്വൽ റിയാലിറ്റി സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, മിക്സഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ ക്ലാസ് മുറിയും അധ്യാപകരെയും സഹപാഠികളെയും കണ്ടുകൊണ്ട് കൂട്ടായി പഠിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. ഭൗതികശാസ്ത്രത്തിലെ പ്രകാശ പ്രതിഫലനം പോലുള്ള പരീക്ഷണങ്ങളിൽ വിദ്യാർത്ഥികൾക്ക് ഒരുമിച്ച് വെർച്വൽ കണ്ണാടികളും പ്രകാശകിരണങ്ങളും ക്രമീകരിച്ച് നിരീക്ഷണങ്ങൾ പങ്കുവെക്കാനും സാധിക്കും. 3,000-ത്തിലധികം ഇമ്മേഴ്‌സീവ് ലേണിങ് മൊഡ്യൂളുകളാണ് ട്യൂട്ടർ എക്സ് ആർ വാഗ്ദാനം ചെയ്യുന്നത്. പ്രത്യേക ട്രാക്കിങ് ഉപകരണങ്ങളോ അധിക ഹാർഡ്‌വെയർ സംവിധാനങ്ങളോ ഇല്ലാതെ തന്നെ മൾട്ടിപ്ലെയർ എക്സ് ആർ അന്തരീക്ഷത്തിൽ ഒരേ വെർച്വൽ വസ്തുക്കൾ ഒരേ സ്ഥാനത്ത് കൃത്യതയോടെ കാണാനും ഉപയോഗിക്കാനും പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ഇൻഫ്യൂസറിയുടെ സ്വന്തം ‘റിലേറ്റീവ് ആങ്കറിങ് സിസ്റ്റം’ സാങ്കേതികവിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനം കൂടുതൽ ആസ്വാദ്യകരവും പ്രായോഗികവുമാക്കാൻ ട്യൂട്ടർ എക്സ് ആർ ലാബ് സഹായിക്കുമെന്ന് ജ്യോതി സീനിയർ സെക്കൻഡറി സ്കൂൾ മാനേജർ അഡ്വ. ഫാ. ജെസ്ബിൻ മാത്യു പറഞ്ഞു. ഇത്തരമൊരു നൂതന സൗകര്യം സ്കൂളിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പ്രിൻസിപ്പൽ ഫാ. സിജു ജോണും വ്യക്തമാക്കി. പാഠപുസ്തകങ്ങളിലും കേവല വിവരണങ്ങളിലും ഒതുങ്ങാതെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയും പഠനം സാധ്യമാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യങ്ങൾക്ക് ഈ സംരംഭം പിന്തുണ നൽകുന്നു. സിംഗപ്പൂർ എയർലൈൻസ് ഉൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങൾക്കായി സാങ്കേതിക പദ്ധതികൾ നടപ്പിലാക്കിയിട്ടുള്ള ഇൻഫ്യൂസറി, ഇമ്മേഴ്‌സീവ് സാങ്കേതികവിദ്യയിലൂടെ രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പുതിയ പഠനരീതികൾക്ക് വഴിയൊരുക്കുകയാണ്.

