ഓണ്‍ലൈന്‍ വ്യാപാരം സര്‍ക്കാര്‍ നിയന്ത്രിക്കണം: രാജു അപ്‌സര
കൊച്ചി: കുത്തക ഭീമന്മാരായ ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റിന്റെ നേതൃത്വത്തില്‍ പുതുതായി നിര്‍മ്മിച്ച വ്യാപാര ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 20 ലക്ഷത്തോളം പേര്‍ സ്വയം തൊഴില്‍ ചെയ്യുന്നതും തൊഴിലാളികള്‍ അടക്കം ഒന്നരക്കോടിയോളം പേരുടെ ഉപജീവന മാര്‍ഗ്ഗവുമാണ് കേരളത്തിലെ വ്യാപാര മേഖല. ഓണ്‍ലൈന്‍ വ്യാപാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രമെ കേരളം വ്യാപാര സൗഹൃദമാകുകയുള്ളുവെന്നും രാജു അപ്‌സര പറഞ്ഞു. വ്യാപാര മേഖല തകര്‍ന്നാല്‍ തൊഴിലില്ലായ്മ രൂക്ഷമായി കേരളം വലിയ തകര്‍ച്ച നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പള്ളുരുത്തി യൂണിറ്റ് പ്രസിഡന്റ് പി. സി സുനില്‍കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.ജെ മാക്‌സി എം.എല്‍.എ സമ്മേളനം ഉദ്ഘാടനവും കെ.ബാബു എം.എല്‍.എ ഓഡിറ്റോറയം ഉദ്ഘാടനവും ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി ജേക്കബ്ബ് കോണ്‍ഫ്രന്‍സ് ഹാള്‍ ഉദ്ഘാടനവും കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് വി. എ ശ്രീജിത്ത് സുവനീര്‍ പ്രകാശനവും നിര്‍വ്വഹിച്ചു. റിട്ട. എസ്.പി രാമഭദ്രന്‍, ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി. എസ് രാമചന്ദ്രന്‍, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. സി പോള്‍സണ്‍, ഡിലൈറ്റ് പോള്‍, സെക്രട്ടറി കെ.ടി ജോയ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി കെ.പി ജെയിന്‍, ട്രഷറര്‍ ടി.എം ഇബ്രാഹിം, യൂത്ത് വിംഗ് മണ്ഡലം പ്രസിഡന്റ് മുന്‍സീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

