കാലടി :ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ചരിത്രവിഭാഗം ഗവേഷക വിദ്യാർത്ഥിനിയായ ട്രീസ ജാക്സണിനെ 2026-ലെ ഇറാസ്മസ് പ്ലസ് സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിലേയ്ക്ക് തെരഞ്ഞെടുത്തു. വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലാണ് ട്രീസയ്ക്ക് ഉന്നതപഠനത്തിനും ഗവേഷണത്തിനും അവസരം ലഭിച്ചിരിക്കുന്നത്. 2026 സെപ്റ്റംബര്‍ 1 മുതൽ ഡിസംബര്‍ 31 വരെയുള്ള ഫാള്‍ സെമസ്റ്ററിലാണ് സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയിലെ ചരിത്ര പഠന വിഭാഗവുമായി ചേർന്ന് ഇവർ അക്കാദമിക-ഗവേഷണ പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെടുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുമായി അക്കാദമിക ആശയവിനിമയം നടത്താനും ഗവേഷണ ശൃംഖലകൾ വികസിപ്പിക്കാനും ഈ പദ്ധതിയിലൂടെ ട്രീസയ്ക്ക് സാധിക്കും.
അങ്കമാലി സ്വദേശിയും സിയാൽ (CIAL) ഉദ്യോഗസ്ഥനുമായ ജാക്സണിന്റെയും കാലടി ശ്രീശങ്കര കോളേജ് അസോസിയേറ്റ് പ്രൊഫസറായ പ്രീമിയുടെയും മകളാണ് ട്രീസ ജാക്സൺ. അക്കാദമിക് സഹകരണത്തിനായി വിയന്നയിലെ സെൻട്രൽ യൂറോപ്യൻ യൂണിവേഴ്സിറ്റിയുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല 2024-ലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇറാസ്മസ് പ്ലസ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ട്രീസ ജാക്സണിനെ സർവ്വകലാശാലാ വൈസ് ചാന്‍സലർ ഡോ. സിസ തോമസ് അനുമോദിച്ചു.

