കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഏറ്റവും പുതിയ ഓണം ക്യാംപയിനായ ‘ഓണം ഒരുമയുടെ ഓളം’ സോഷ്യൽ മീഡിയയിൽ വൻ തരംഗമാകുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രം അഞ്ച് കോടിയിലധികം കാഴ്ചക്കാരെ നേടി പരസ്യചിത്രം ജനശ്രദ്ധയാകർഷിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൈതൃകവും തലമുറകളായി കാത്തുസൂക്ഷിക്കുന്ന സാമൂഹിക ബന്ധങ്ങളും പ്രമേയമാക്കിയാണ് ക്യാംപയിൻ ഒരുക്കിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ചുണ്ടൻവള്ളത്തെ, ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു കൂട്ടം യുവാക്കൾ പുനരുദ്ധരിക്കുന്ന കഥയാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘മനുഷ്യർ ഒന്നിച്ചുനിന്നാൽ അസാധ്യമായി ഒന്നുമില്ല’ എന്ന മനോഹരമായ സന്ദേശമാണ് ചിത്രം പങ്കുവെക്കുന്നത്.
പ്രശസ്ത സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത പരസ്യത്തിന് ശരത് പ്രകാശാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കിരൺ പീതാംബരൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ആലപ്പുഴയുടെ കായൽ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്. പോസ്റ്റ് പ്രൊഡക്ഷൻ ഉൾപ്പെടെ വെറും 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ പരസ്യചിത്രം, നാടിന്റെ നന്മയും കൂട്ടായ്മയുടെ കരുത്തും ദൃശ്യവൽക്കരിച്ചാണ് ജനഹൃദയങ്ങൾ കീഴടക്കുന്നത്.

