അന്താരാഷ്ട്ര വേദികളിൽ തിളങ്ങി ‘തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി

അന്താരാഷ്ട്ര വേദികളിൽ തിളങ്ങി ‘തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി’; കൊൽക്കത്തയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും പുരസ്‌കാരങ്ങൾ

കൊച്ചി: സജിൻ ബാബു രചനയും സംവിധാനവും നിർവ്വഹിച്ച് റിമ കല്ലിങ്കൽ പ്രധാന വേഷത്തിലെത്തിയ ‘തിയേറ്റര്‍: ദ മിത്ത് ഓഫ് റിയാലിറ്റി’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മികച്ച നേട്ടങ്ങളോടെ മുന്നേറുന്നു. അടുത്തിടെ ഇന്ത്യയിലും വിദേശത്തുമായി നടന്ന രണ്ട് പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിൽ നിന്നായി നാല് പ്രധാന പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.

കൊൽക്കത്തയിൽ നടന്ന ഒൻപതാമത് ഋതുരംഗം ഫിലിം ഫെസ്റ്റിവലിൽ ‘തിയേറ്റർ’ മികച്ച ഇന്ത്യൻ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് റിമ കല്ലിങ്കൽ മികച്ച നടിക്കുള്ള പുരസ്‌കാരവും ശ്യാമപ്രകാശ് എം. എസ്. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും നേടി. മലയാളത്തിൽ നിന്ന് മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രം എന്ന സവിശേഷതയും ‘തിയേറ്ററിന്’ ഉണ്ടായിരുന്നു. പ്രശസ്ത നടി ശ്രീലേഖ മുഖർജി തലവനായ ജൂറിയാണ് പുരസ്‌കാരങ്ങൾ നിർണ്ണയിച്ചത്.

അതോടൊപ്പം, റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ബിഗ് സിറ്റി ലൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സജിൻ ബാബു മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഇന്ത്യയിൽ നിന്നുള്ള ഏക എൻട്രിയായി അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരച്ചാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. പ്രശസ്ത റഷ്യൻ സംവിധായകൻ ആന്ദ്രെയ് ക്രവ്ചുക് അധ്യക്ഷനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്ന് നിർമ്മിച്ച ചിത്രം മുൻപ് വെസ്റ്റേൺ ഗേറ്റ് ഫിലിം ഫെസ്റ്റിവലിലും പുരസ്‌കാരം നേടിയിരുന്നു. ആഗോളതലത്തിൽ തുടർച്ചയായി ലഭിക്കുന്ന അംഗീകാരങ്ങൾ മലയാള സിനിമയുടെ അന്താരാഷ്ട്ര പ്രശസ്തി കൂടുതൽ ഉയർത്തുകയാണ്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു