ന്യൂഡൽഹി : സർജൻ വൈസ് അഡ്മിറൽ ദിലീപ് രാഘവൻ, വി.എസ്.എം, 2026 സെപ്റ്റംബർ 1-ന് ഡയറക്ടർ ജനറൽ ഹോസ്പിറ്റൽ സർവീസസ് (ആംഡ് ഫോഴ്‌സസ്) ആയി ചുമതലയേറ്റു. പുണെ ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽ (AFMC) നിന്ന് 1989-ൽ എം.ബി.ബി.എസ് പൂർത്തിയാക്കിയ അദ്ദേഹം 1989 ഡിസംബർ 26-നാണ് ഇന്ത്യൻ നേവിയിൽ കമ്മീഷൻ ചെയ്യുന്നത്. തൻറെ ദീർഘകാല ഔദ്യോഗിക ജീവിതത്തിൽ സതേൺ നേവൽ കമാൻഡ്, ഈസ്റ്റേൺ നേവൽ കമാൻഡ് എന്നിവയുടെ കമാൻഡ് മെഡിക്കൽ ഓഫീസർ, മുംബൈ ഐ.എൻ.എച്ച്.എസ് അശ്വിനിയുടെ കമാൻഡിംഗ് ഓഫീസർ തുടങ്ങി നിരവധി നിർണായക പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിലാണ് ഐ.എൻ.എച്ച്.എസ് അശ്വിനിക്ക് മികച്ച കമാൻഡ് ഹോസ്പിറ്റലിനുള്ള പ്രശസ്തമായ ‘രക്ഷാ മന്ത്രി ട്രോഫി’ ലഭിക്കുന്നത്. സേവന മികവിന് 2026 ജനുവരി 26-ന് അദ്ദേഹത്തിന് ‘വിശിഷ്ട സേവാ മെഡൽ’ (VSM) നൽകി രാജ്യം ആദരിച്ചു. ഡെവലപ്‌മെന്റൽ ന്യൂറോളജി വിദഗ്ദ്ധയായ പീഡിയാട്രീഷ്യനും മുൻ സൈനിക മെഡിക്കൽ ഓഫീസറുമായ ഡോ. മിഷേൽ വാസ് ആണ് ഭാര്യ.

