65 എൻ.സി.സി കേഡറ്റുകൾ അണിനിരക്കുന്ന 210 കിലോമീറ്റർ വഞ്ചിയോട്ട സാഹസിക യാത്ര കൊല്ലത്തുനിന്നും ആരംഭിച്ചു

കൊല്ലം : കേരള-ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റിന് കീഴിലെ 65 കേഡറ്റുകൾ പങ്കാളികളാകുന്ന 10 ദിവസം നീളുന്ന കായൽ സാഹസിക യാത്ര കൊല്ലം തേവള്ളിയിലെ 3(കെ) നേവൽ യൂണിറ്റ് എൻ.സി.സി ജെട്ടിയിൽ നിന്ന് എൽ.സി.സി കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ കെ. ലോകനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു. ‘മോസ്റ്റ് എന്റർപ്രൈസിംഗ് നേവൽ യൂണിറ്റ് (MENU) 2026’ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഈ ബോട്ട് യാത്ര നാഷണൽ വാട്ടർവേ-3 ലൂടെ അഷ്ടമുടി, പുന്നമട, വേമ്പനാട്ട് കായലുകൾ പിന്നിട്ട് ആലപ്പുഴയിലെ പാതിരാമണൽ ദ്വീപ് വരെയും തിരിച്ചുമായി 210 കിലോമീറ്ററോളമാണ് സഞ്ചരിക്കുന്നത്.

36 ആൺകുട്ടികളും 29 പെൺകുട്ടികളും അടങ്ങുന്ന കേഡറ്റ് സംഘം ഡി.കെ വേലർ (DK Whaler) വിഭാഗത്തിൽപ്പെട്ട മൂന്ന് ബോട്ടുളിലാണ് യാത്ര തിരിക്കുന്നത്. 3(കെ) നേവൽ യൂണിറ്റ് കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ ജെ. പരമേശ്വരൻ, എക്സിക്യൂട്ടീവ് ഓഫീസർ ലെഫ്റ്റനന്റ് കമാൻഡർ രാഹുൽ ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര. കേഡറ്റുകൾക്ക് ബോട്ട് കൈകാര്യം ചെയ്യൽ, നാവിക പാഠങ്ങൾ, ടീം വർക്ക്, നേതൃത്വ പാടവം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുക എന്നതാണ് ഈ സാഹസിക യാത്രയുടെ പ്രധാന ലക്ഷ്യം. അടിയന്തര സാഹചര്യങ്ങൾ നേരിടാനും യാത്രയുടെ സുരക്ഷ ഉറപ്പാക്കാനുമായി വഴികളിലെ ആഴവും സുരക്ഷാ വെല്ലുവിളികളും നേരത്തെ വിലയിരുത്തിയിട്ടുണ്ട്.

Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു