കൊച്ചി: റെസ്റ്റോറന്റ് പങ്കാളികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന എഐ ബിസിനസ് അസിസ്റ്റന്റായ ‘ഗുരു’ അവതരിപ്പിച്ച് സ്വിഗ്ഗി. റെസ്റ്റോറന്റുകളുടെ പ്രവർത്തനവും വിൽപ്പനയും സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്യാനും പരസ്യ, ഡിസ്കൗണ്ട് ക്യാംപെയ്നുകൾ ആരംഭിക്കാനും പരിഷ്കരിക്കാനും പേയൗട്ട് വിവരങ്ങൾ പരിശോധിക്കാനും ഗുരു സഹായിക്കും. മലയാളം ഉൾപ്പെടെ 20-ലധികം പ്രാദേശിക ഭാഷകളിൽ ഈ സേവനം ലഭ്യമാണ്. ജിഎംവി, ഓർഡറുകൾ, ശരാശരി ഓർഡർ മൂല്യം ഉൾപ്പെടെ 30-ലധികം മാനദണ്ഡങ്ങൾ വിലയിരുത്തി പ്രവർത്തന മെച്ചപ്പെടുത്തലിനുള്ള നിർദേശങ്ങളും നൽകും. 720-ലധികം നഗരങ്ങളിലായി 2.7 ലക്ഷത്തിലധികം റെസ്റ്റോറന്റുകൾക്ക് ഗുരുവിന്റെ സേവനം ലഭ്യമാകുമെന്ന് സ്വിഗ്ഗി അറിയിച്ചു.

